ആലപ്പുഴ : നെഹ്റുട്രോഫി വള്ളംകളിക്ക് ഓഗസ്റ്റ് 10-നു തുഴവീഴുമ്പോൾ അതിനു തയ്യാറെടുത്ത് ചുണ്ടനുകൾ. വള്ളംകളിക്ക് അണിനിരക്കുന്നവരുടെ പരിശീലന ക്യാമ്പുകൾ ഉണർന്നുകഴിഞ്ഞു. ഇനി ആരവത്തിന്റെയും ആർപ്പുവിളികളുടെയും നാളുകളാണ്. എല്ലാ ക്ലബ്ബുകളും പരിശീലനം തുടങ്ങിയിട്ടില്ലെങ്കിലും ഭൂരിപക്ഷം മുൻനിരക്ലബ്ബുകളും പരിശീലനം ആരംഭിച്ചു. വെള്ളിക്കപ്പ് നേടാൻ നാളുകൾക്കുമുന്നേ കച്ചകെട്ടണമെന്ന് അതിയായി ആഗ്രഹിക്കുന്നവർക്കറിയാം. പരിശീലനം അനൗദ്യോഗികമായി തുടങ്ങിയെങ്കിലും ഔദ്യോഗിക ഉദ്ഘാടനം വരുംദിവസങ്ങളിലായിരിക്കും.
ഇതും വമ്പിച്ച ആഘോഷമായി നടത്താനാണ് പല ക്ലബ്ബുകളുടെയും തീരുമാനം. ക്യാമ്പ് സജീവമായതിനാൽ ഇനി ചിട്ടയായ ജീവിതചര്യയിലും പരിശീലനക്രമങ്ങളിലുമായിരിക്കും തുഴച്ചിൽക്കാരുടെ ശ്രദ്ധ. നെഹ്റുട്രോഫി ബോട്ട് റേസ് കമ്മിറ്റിയും വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. ഉദ്ഘാടനവേദിയിൽ വമ്പൻ താരനിരയെ ആലപ്പുഴയിലെത്തിക്കാനുള്ള ശ്രമം അണിയറയിൽ നടക്കുന്നുണ്ട്. അതിനൊപ്പം അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട്. ടിക്കറ്റ് വിൽപ്പന 10 മുതൽ തുടങ്ങും. അതിനുശേഷം പ്രചാരണപരിപാടികൾ വിപുലമായി നടത്തും. വള്ളംകളി കാണാനെത്തുന്നവർക്കും മികച്ചസൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ. വള്ളംകളി കാണാൻ ഇത്തവണ പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തുന്ന പ്ലാറ്റിനം കോർണറിൽ 25,000 രൂപയാണ് ഒരു കുടുംബത്തിന് ഏർപ്പെടുത്തുന്നത്. ഇവർക്ക് പവിലിയനിലേക്കു വരുന്നതിനും പോകുന്നതിനും പ്രത്യേക ബോട്ട്സൗകര്യമുണ്ടാകും. കൂടാതെ കുടിവെള്ളം, ഭക്ഷണം, ഇരിപ്പിടം എന്നിവ പ്രത്യേകം തിരിച്ച് ഉറപ്പാക്കും. ഇവിടെ പോലീസ് നിരീക്ഷണമുണ്ടാകും. കൂടാതെ 100 മുതൽ 3,000 വരെ രൂപ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും.