കോഴിക്കോട്: മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് ക്രൈസ്തവസഭാ നേതാക്കൾ. ജനകീയനായ മാർപ്പാപ്പയെ ആണ് നഷ്ടമായതെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ പറഞ്ഞു. നിരീശ്വരവാദികളേയും സ്വവർഗ്ഗാനുരാഗികളേയും ചേർത്തു പിടിച്ച മാർപ്പാപ്പ യുദ്ധങ്ങൾ ഇല്ലാതാകാൻ ആഗ്രഹിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കരുതൽ രൂപമായി നിന്ന തേജോമയൻ ആയിരുന്നു പോപ് ഫ്രാൻസിസ് എന്ന് മലങ്കര കത്തോലിക്കാ സഭാ അധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. മുഖ്യധാരയിൽ പെടാത്ത മനുഷ്യർക്കു വേണ്ടി നിന്നു. 2013 മുതൽ വ്യക്തിപരമായി അടുപ്പമുണ്ട്.
സവിശേഷമായ നേതൃത്വമായിരുന്നു അദ്ദേഹത്തിൻ്റേത്. നാളെ രാവിലെ വത്തിക്കാനിലേക്ക് പോവും. ലളിതമായ സംസ്കാര ചടങ്ങുകളായിരിക്കും. സമയവും തിയതിയും തീരുമാനിച്ചില്ലെന്ന് ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. ദുരിതങ്ങളിലൂടെ കടന്നുപോകുന്നവർക്ക് ഒപ്പം നിന്ന മാർപ്പാപ്പയായിരുന്നുവെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ അനുസ്മരിച്ചു. കരുണയുടെയും സ്നേഹത്തിന്റെയും ജീവിതമാണ് പാപ്പ ഉൾക്കൊണ്ടത്. ലോകത്തിനുള്ള അനുഗ്രഹമായിരുന്നു മാർപ്പാപ്പയെന്നും തോമസ് ജെ.നെറ്റോ പറഞ്ഞു. കഷ്ടതയനുഭവിക്കുന്നവർക്ക് സമാധാനം പുനസ്ഥാപിക്കുന്നതിന് എപ്പോഴും ശബ്ദമുയർത്തിയ മാർപ്പാപ്പയായിരുന്നെന്ന് യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് ജോസഫ് ബാവ അനുസ്മരിച്ചു.