ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട ആരാധനാലയങ്ങള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ആരാധനാലയങ്ങളില്‍ പ്രവേശിക്കുമ്പോള്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണം. 65 വയസ് കഴിഞ്ഞവരും കുട്ടികളും ആരാധനാലയങ്ങളില്‍ പോകരുത്. പ്രസാദമോ തീര്‍ത്ഥമോ നല്കാന്‍ പാടില്ല. വിഗ്രഹങ്ങളില്‍ തൊടാന്‍ പാടില്ല. ദര്‍ശനത്തിന് മാത്രമേ അനുവാദമുള്ളൂ. പ്രാര്‍ത്ഥനയ്ക്ക് പൊതു പായ ഒഴിവാക്കണം. കൊയറും പ്രാര്‍ത്ഥനാ സംഘങ്ങളും ഒഴിവാക്കണം. വലിയ കൂട്ടായ്മകള്‍ അനുവദിക്കരുതെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
മെയ് 30-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ അണ്‍ലോക്ക് 1 ന്റെ ഭാഗമായി ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന് പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പിന്നീട് പുറത്തിറക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
ഇതോടൊപ്പം ഷോപ്പിംഗ് മാളുകളും റസ്റ്റാറന്‍റുകളും പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും കേന്ദ്രം പുറത്തിറക്കി. റസ്റ്റാറന്‍റുകളില്‍ 50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ എന്നും നിര്‍ദ്ദേശത്തിലുണ്ട്. ഷോപ്പിംഗ് മാളുകളില്‍ വെവ്വേറെ വാതിലുകളിലൂടെ വേണം കയറാനും ഇറങ്ങാനും. ഫുഡ് കോര്‍ട്ടില്‍ പകുതി സീറ്റുകളിലേ ആള്‍ക്കാരെ ഇരുത്താനാവൂ.
മാളിലെ കുട്ടികള്‍ക്കുള്ള കളിസ്ഥലം അടച്ചിടണം. സിനിമാ ഹാളുകള്‍ അടഞ്ഞു തന്നെ കിടക്കണം. ഓഫീസുകളില്‍ പരമാവധി സന്ദര്‍ശകരെ ഒഴിവാക്കണം. ഓഫീസുകളില്‍ ഒന്നോ രണ്ടോ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ പൂര്‍ണ്ണമായും അടക്കേണ്ടെന്നും നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു.