തിരുവനന്തപുരം: ഓൺ ലൈൻ ട്രേഡിങ് വഴി ലക്ഷങ്ങൾ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകളാണ് ഇപ്പോൾ മുൻപന്തിയിലുള്ളത്. ഫെയ്സ്ബുക്കിലും ടെലിഗ്രാം ഗ്രൂപ്പുകളിലും ഇതു ധാരാളം. റിവ്യൂ നൽകിയും വിവിധ ഗെയ്മുകളിലൂടെയും ഇരട്ടി ലാഭം കിട്ടുമെന്ന വാദ്ഗാനങ്ങളിൽ വീണ് പോകുന്നവരാണ് ഏറെയും. വ്യാജ നമ്പറുകൾ ഉപയോഗിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമാണ് തട്ടിപ്പു സംഘങ്ങൾ സന്ദേശം അയയ്ക്കുന്നത്. ഇത് കണ്ടെത്തുക പ്രയാസമായതോടെ അന്വേഷണങ്ങളും എങ്ങുമെത്തുന്നില്ല. എത്ര തട്ടു കിട്ടിയാലും മലയാളികൾ പാഠം പഠിക്കില്ലെന്ന ചൊല്ല് നമ്മൾ ശരിവച്ചു പോകും തലസ്ഥാനത്തെ ഓൺലൈൻ തട്ടിപ്പുകളുടെ കഥകൾ കേട്ടാൽ. തട്ടിപ്പു സംഘങ്ങളുടെ കെണിയിൽ വീഴുന്നവരിൽ ഏറെയും ഡിജിറ്റൽ സാക്ഷരതയും ഉന്നത പദവിയും ഉള്ളവരെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ബാങ്ക് മാനേജർ, അധ്യാപകർ, ഐടി ജീവനക്കാർ അങ്ങനെ പോകുന്നു ഇരകളുടെ വിവരങ്ങൾ.
കഴിഞ്ഞ 6 മാസത്തിനിടെ ഓൺലൈൻ പ്ലാറ്റ് ഫോമുകളിലെ മോഹന വാഗ്ദാനങ്ങളിൽ വീണ് 1.28 കോടി രൂപയാണ് ജില്ലയിൽ പലർക്കായി നഷ്ടപ്പെട്ടത്. ജാള്യവും മാനഹാനിയും ഭയന്ന് പോലീസിൽ പരാതിപ്പെടാത്ത കേസുകളാണ് ഏറെയും. പുതിയ തട്ടിപ്പ് ഹോളിവുഡ് സിനിമകൾക്ക് ഓൺലൈൻ റിവ്യൂ നൽകി കോടികൾ സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് മണക്കാട് സ്വദേശിയിൽ നിന്ന് തട്ടിയത് 22 ലക്ഷം രൂപ. വ്യാജ വെബ് സൈറ്റുകൾ നിർമിച്ച് അതിന്റെ യൂസർ ഐഡിയും പാസ്‌വേഡും മണക്കാട് സ്വദേശിക്ക് അയച്ചു കൊടുത്തു. ഇതു പ്രകാരം കുറച്ചു സിനിമകൾക്ക് റിവ്യൂ നൽകി. ഇതിന്റെ ലാഭവിഹിതം എന്ന പേരിൽ കുറച്ചു പണം ഇയാൾക്ക് അയച്ചു കൊടുത്ത് തട്ടിപ്പ് സംഘം വിശ്വാസം നേടി. 30 സിനിമകൾക്ക് റിവ്യൂ നൽകി കഴിഞ്ഞപ്പോൾ കോടികൾ ലാഭവിഹിതമായി കിട്ടുമെന്നും അത് പിൻവലിക്കാൻ നിശ്ചിത ശതമാനം തുക ആദ്യം അടയ്ക്കണമെന്നും തട്ടിപ്പ് സംഘം ആവശ്യപ്പെട്ടു.
ഇതനുസരിച്ചാണ് 22 ലക്ഷം രൂപ ഓൺലൈൻവഴി അയച്ചത്. ടെലിഗ്രാം വഴിയായിരുന്നു തട്ടിപ്പുകാർ സന്ദേശം അയച്ച് കെണിയിൽ വീഴ്ത്തിയത്. അതേസമയം ഫെയ്സ്ബുക്കിൽ ഇലക്ട്രിക് സ്കൂട്ടർ ഡീലർഷിപ് പരസ്യം നൽകി 31 ലക്ഷം രൂപ തട്ടി. പേരൂർക്കട മണ്ണാമൂല സ്വദേശിയിൽ നിന്നാണ് പണം തട്ടിയത്. പരസ്യം കണ്ട് വിളിച്ച ഇയാളുടെ ഫോണിലേക്ക് വാട്സാപ് കോളിലൂടെ നിരന്തരം ക്യാൻവാസ് ചെയ്തു. രേഖകൾ ശേഖരിച്ച ശേഷം ഡീലർഷിപ് റജിസ്ട്രേഷൻ, സ്പെയർ പാർട്സ് സ്റ്റോക് എന്നിവയ്ക്കായി 31,81,000 രൂപ ഓൺലൈൻ വഴി തട്ടിയെടുക്കുകയായിരുന്നു.