അടൂർ : വട്ടത്തറപ്പടി എന്നു കേട്ടാൽ തന്നെ അപകടപ്പടിയല്ലേ എന്ന് നാട്ടുകാർ ചോദിക്കുന്ന അവസ്ഥയായി. ഇത്രയുമൊക്കെയായിട്ടും അറിയാത്ത ഭാവത്തിൽ അധികൃതർ. എം.സി.റോഡിലാണ് അടൂർ ബൈപ്പാസിലെ വട്ടത്തറപ്പടി. ആഴ്ചയിൽ രണ്ട് അപകടങ്ങളെങ്കിലും നടക്കുന്ന സ്ഥലമാണിവിടം. ഒട്ടേറെ പഠനങ്ങൾക്കു ശേഷമാണ് സേഫ് സോൺ പദ്ധതിയിൽ എം.സി. റോഡിന്റെ നിർമാണം നടന്നത്. വളവുകൾ എത്ര, സിഗ്നൽ എത്ര എന്നിങ്ങനെ ഒട്ടേറെ പരിശോധനകൾ നടന്നതാണ്. പക്ഷേ ഈ പഠനം നടത്തിവന്നപ്പോൾ അടൂർ ബൈപ്പാസിലേക്ക് കടന്നില്ലേയെന്ന് നാട്ടുകാർ ചോദിക്കുന്നു.
അടൂരിൽനിന്നു മൂന്നാളം ഭാഗത്തേക്ക് പോകാൻ ബൈപ്പാസിലെ വട്ടത്തറപ്പടി മറികടക്കണം. ഇതിനാൽ തന്നെ ബൈപ്പാസ് റോഡിൽ തിരക്ക് വർധിച്ചാൽ മൂന്നാളം ഭാഗത്തേക്ക് പോകാനുള്ള വാഹനങ്ങൾ ഉപറോഡിൽ കാത്തുകിടക്കുക പതിവാണ്. പക്ഷേ ചില ഡ്രൈവർമാർ പെട്ടെന്ന് മുന്നോട്ട് എടുക്കുമ്പോൾ ഈ സമയം ബൈപ്പാസിൽകൂടി വരുന്ന വാഹനങ്ങൾ നിയന്ത്രണംവിട്ട് മറികടന്ന വാഹനവുമായി ഒന്നുകിൽ കൂട്ടിയിടിക്കുകയോ അല്ലെങ്കിൽ നിയന്ത്രണംവിട്ട് മറിയുകയോചെയ്യും. മൂന്നാളം ഭാഗത്തുനിന്നു അടൂർ ടൗണിലേക്ക് പോകാൻ വരുന്ന ഇരുചക്രവാഹനങ്ങൾ ഇരുഭാഗത്തേക്കും നോക്കാതെ പ്രധാന റോഡിലേക്ക് പെട്ടെന്ന് കയറുന്നതും സ്ഥിരം സംഭവമാണ്.
അമിത വേഗവും അശ്രദ്ധയും തന്നെയാണ് അപകട കാരണം എന്നത് പോലീസിനും മോട്ടോർ വാഹന വകുപ്പിനും ബോധ്യമായ കാര്യവുമാണ്. ഇത്തരത്തിൽ അപകടം വർധിച്ചപ്പോൾ വട്ടത്തറപ്പടിയിൽ ഗതാഗത നിയന്ത്രണത്തിനായി ഒരു ഹോം ഗാർഡിനെ പോലീസ് നിയോഗിച്ചിരുന്നു. പിന്നീട് അതും പിൻവലിച്ചു. വട്ടത്തറപ്പടി-ബൈപ്പാസ് റോഡിൽ ബ്ലിങ്കിങ് ലൈറ്റുകൾ നാറ്റ്പാക്കിന്റെ പഠനത്തിനുശേഷം സ്ഥാപിക്കുന്ന കാര്യം പരിഗണിക്കാമെന്ന് കെ.എസ്.ടി.പി. അറിയിച്ചതായി ഒരിക്കൽ അടൂരിൽ നടന്ന ഗതാഗത ഉപദേശക സമിതിയിൽ അറിയിച്ചിരുന്നു. നടപടി ഒന്നുമായില്ല. അടുത്തിടെയായി രാവിലെ ഒൻപതുമുതൽ പത്തുവരെ പോലീസ് വട്ടത്തറപ്പടിയിൽ ട്രാഫിക് നിയന്ത്രിക്കുന്നുണ്ട്. എന്നാൽ പിന്നീടുള്ള സമയങ്ങളിൽ ഈ സേവനം ലഭ്യമല്ലെന്നും നാട്ടുകാർ വ്യക്തമാക്കുന്നു.