തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണത്തിന്റെ കേന്ദ്രബിന്ദുവായി പൗരത്വനിയമ ഭേദഗതി ഇടം പിടിക്കുന്നു. അയോധ്യ ക്ഷേത്രവും മുത്തലാഖുംപോലെ പ്രകടനപത്രികയിലെ മറ്റൊരു വാഗ്ദാനംകൂടി യാഥാർഥ്യമാകുന്നെന്നതിനപ്പുറം പൗരത്വത്തിന് മതം ഒരു മാനദണ്ഡമായി പരിഗണിക്കപ്പെടുന്നെന്ന അർഥം നൽകിയാണ് രാഷ്ട്രീയകക്ഷികൾ നിയമ ഭേദഗതിയെ കാണുന്നത്. പക്ഷെ, സംസ്ഥാനത്ത് പൗരത്വനിയമത്തിന്റെ പേരിൽ ആർക്കെങ്കിലും പ്രശ്നമുണ്ടാകാനുള്ള സാധ്യത കുറവാണ്. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് 2014-നുമുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്‌ലിങ്ങൾ ഒഴികെയുള്ള ആറ് മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് പൗരത്വം നൽകുന്നതാണ് നിയമഭേദഗതിയെന്ന് നേരർഥത്തിൽ പറയാം.
ഈ ആനുകൂല്യം നേടേണ്ടവർ നിലവിൽ കേരളത്തിൽ സ്ഥിരതാമസക്കാരായുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എന്നാൽ, സംസ്ഥാനത്തെ ബാധിക്കുന്ന പ്രശ്നമല്ലെന്ന് സമാധാനിച്ച് കൈയുംകെട്ടിയിരിക്കാൻ രാഷ്ട്രീയപാർട്ടികൾക്കാകില്ല. പൗരത്വത്തിന് മതം അടിസ്ഥാനമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന വാദമാണ് നിയമപോരാട്ടങ്ങളുടെയും രാഷ്ട്രീയ പ്രതിരോധത്തിന്റെയും ആണിക്കല്ല്. ന്യൂനപക്ഷ പിന്തുണ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയനീക്കങ്ങൾ ഇരുമുന്നണികളുടെയും ഭാഗത്തുനിന്ന് ഉണ്ടാകുമെന്നത് ഇതിനോടകം ഉറപ്പിച്ചുകഴിഞ്ഞു.