കോട്ടയം : തൊഴിൽ തർക്കത്തെ തുടർന്ന് സിഐടിയു ബസ്സിനു മുൻപിൽ കൊടി കുത്തുന്നു. സമരത്തെ തുടർന്ന് ബസ്സുടമ ഹൈക്കോടതിയെ സമീപിക്കുന്നു. ശേഷം ഹൈക്കോടതി ബസ് സർവീസ് നടത്താൻ അനുമതി നൽകുന്നു. ഹൈക്കോടതിയുടെ അനുമതി ലഭിച്ചതിനെ തുടർന്ന് കൊടി തോരണങ്ങൾ അഴിച്ചു മാറ്റുവാനായി ഉടമ സ്ഥലത്ത് എത്തുന്നു. സ്വന്തം ബസ്സിൽ കുത്തിയ കൊടിതോരണങ്ങൾ അഴിച്ചു മാറ്റുമ്പോൾ സിഐടിയു നേതാവ് ബസ് ഉടമയെ മർദ്ദിക്കുന്നു. തുടര്‍ന്ന് പോലീസ് എത്തി സിഐടിയു നേതാവിനെ പിടിച്ചു മാറ്റുന്നു. മർദ്ദനമേറ്റ ബസ്സുടമയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുന്നു. ഈ നാടകീയ രംഗങ്ങൾ മറ്റെങ്ങുമല്ല കേരളത്തിലെ അക്ഷരനഗരി എന്നറിയപ്പെടുന്ന കോട്ടയത്ത് നടന്നതാണ്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു തൊഴിൽ തർക്കത്തെ തുടർന്ന് തിരുവാർപ്പ് – കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന “വെട്ടിക്കുളങ്ങര” ബസ്സിന് മുമ്പില്‍ സി.ഐ.റ്റി.യു കൊടികുത്തുന്നത്. ഇതേതുടർന്ന് വിമുക്തഭടനായ ബസ്സുടമ രാജ്മോഹൻ മറ്റു മാർഗ്ഗങ്ങളില്ലാതെ ഒരു പ്രതിഷേധം എന്നോണം ബസ്സിനു മുൻപിൽ ലോട്ടറി കച്ചവടം നടത്തി. രാജ് മോഹൻ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ പോലീസ് സംരക്ഷണത്തോടെ ബസ് സർവീസ് നടത്തണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ കോടതി ഉത്തരവിന് പുല്ലുവില കൽപ്പിക്കുന്ന രീതിയിലായിരുന്നു സിഐറ്റിയുവിന്റെ സമീപനം.
ഒരു തൊഴിലാളി പ്രസ്ഥാനം ഏറ്റവും അധികം ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് തൊഴിലാളികളെ സംബന്ധിക്കുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ, അല്ലെങ്കിൽ ബന്ധപ്പെട്ട അധികാരികളുടെ മുൻപിൽ എത്തിച്ച് അതിന് ഒരു ശാശ്വത പരിഹാരം കാണുക എന്നുള്ളതാണ്. തൊഴിലാളികളെ ചൂഷണം ചെയ്യുന്ന നടപടികളില്‍ യൂണിയന്‍ ഇടപെടുകയും വേണം. തൊഴിലാളികളുടെ പ്രതിനിധികളായാണ് തൊഴിലാളി സംഘടനകൾ പ്രവർത്തിക്കേണ്ടത് അല്ലാതെ മുതലാളിമാരെയെല്ലാം ശത്രുക്കളായി കണ്ടുകൊണ്ടല്ല. തൊഴിൽ ദാതാവ് ഉണ്ടെങ്കിലേ തൊഴിലും തൊഴിലവസരങ്ങളും ഉണ്ടാവുകയുള്ളൂ എന്നതുകൂടി കണക്കിലെടുക്കണം. അധികാരം തലയ്ക്കു മത്തുപിടിപ്പിക്കുമ്പോൾ ഇത്തരം യാഥാർത്ഥ്യങ്ങൾ മറന്നു പോകുന്ന രീതിയാണ് ഇപ്പോള്‍ തൊഴിലാളി സംഘടനകളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
സ്വകാര്യ ബസ്സുടമയെ സംബന്ധിച്ചിടത്തോളം തന്റെ വിയർപ്പുതുള്ളികളുടെ വില സ്വരുക്കൂട്ടി വെച്ചാണ് ഒരു ബസ് നിരത്തിലിറക്കുന്നത്. ഇതത്ര എളുപ്പമുള്ള കാര്യവുമല്ല. അതിനായി നിരവധി കടമ്പകൾ കടക്കേണ്ടിയിരിക്കുന്നു. വിവിധ പരിശോധനകൾ, ഇൻഷ്വറൻസുകൾ, ടാക്സുകള്‍, അനുദിനം കൂടിക്കൊണ്ടിരിക്കുന്ന ഡീസൽ വില, ജീവനക്കാരുടെ വിഷയങ്ങള്‍, ശമ്പളം, അറ്റകുറ്റപ്പണികള്‍, തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഒരു ബസ്സുടമക്ക് നേരിടേണ്ടതായിട്ടുണ്ട്. ഇതിനു പുറമേ ഭൂരിപക്ഷം ജനങ്ങളും പൊതുഗതാഗതം ഒഴിവാക്കി യാത്ര ചെയ്യുവാന്‍ തങ്ങളുടെ സ്വന്തം വാഹനങ്ങളെ ആശ്രയിക്കുന്നതുകൂടി പരിഗണിക്കുമ്പോള്‍ സ്വകാര്യ ബസ്സ് വ്യവസായം എത്രകണ്ട് ലാഭാമാകുമെന്ന് എല്ലാവര്‍ക്കും മനസ്സിലാകും. കോട്ടയം തിരുവാർപ്പിൽ തൊഴിലാളികൾ വേതനം വർദ്ധിപ്പിക്കുക എന്ന ആവശ്യവുമായി ബസ്സുടമയെ സമീപിക്കുന്നു. തൊഴിലാളി സംഘടനകൾ അംഗീകരിച്ച വേതനമാണ് താൻ ജീവനക്കാർക്ക് നൽകുന്നതെന്ന് ഉടമ തന്റെ ഭാഗം വ്യക്തമാക്കുന്നു. തുടര്‍ന്ന് ഇരുകൂട്ടരും ചർച്ച നടത്തുന്നു. എന്നാല്‍ ചര്‍ച്ചക്ക് ശേഷം കൊടിയുമായി സിഐടിയുവിന്റെ പ്രതിഷേധ പ്രകടനമാണ് നടന്നത്.
തന്റെ ഉപജീവന മാർഗമായ ബസ്സിനു മുൻപിൽ കൊടികുത്തിയപ്പോള്‍ ബസ്സുടമക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു. എല്ലാ വാദങ്ങളും കേട്ട ഹൈക്കോടതി ഉടമയ്ക്ക് അനുകൂലമായി തന്നെയാണ് വിധി പറഞ്ഞത്. എന്നാൽ തങ്ങൾക്ക് മീതെ ഒരു കോടതിയും വേണ്ട, ഏതു കോടതി പറഞ്ഞാലും തങ്ങൾ അനുസരിക്കില്ല എന്ന നിലപാടാണ് സി.ഐ.റ്റി.യു സ്വീകരിച്ചത്. തങ്ങൾക്ക് സ്വന്തം കോടതി, സ്വന്തം പാർട്ടി, സ്വന്തം പോലീസ് എന്ന മനോഭാവമാണ് കേരളം ഭരിക്കുന്ന സർക്കാരിന്റെ പോഷകസംഘടനയിൽ നിന്ന് ഇപ്പോള്‍ ഉയരുന്നത്. മുൻകാലങ്ങളിൽ സിഐടിയുവിന്റെ കൊടി പാറിയ സ്ഥലങ്ങളിൽ ന്യായമായ ആവശ്യങ്ങൾ ഉണ്ടായിരുന്നു. തൊഴിലാളികളെ ചൂഷണം ചെയ്യുന്നിടത്ത് ശക്തമായി നിന്ന് പൊരുതുവാനും ഇവർക്ക് സാധിച്ചിരുന്നു. കെഎസ്ആർടിസി, പ്രൈവറ്റ് ബസ് സമരങ്ങളിലും സിഐടിയു ശക്തമായ നിലപാടുകൾ സ്വീകരിച്ചതും വ്യക്തമാണ്. സർക്കാരിന്റെ പോഷകസംഘടന ആയിട്ടും ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുവാൻ തൊഴിലാളികളോടൊപ്പം നിൽക്കുവാന്‍ ഇവർക്ക് സാധിച്ചിരുന്നു.
എന്നാൽ നിലവിൽ സിഐടിയു സ്വീകരിക്കുന്നത് അധികാരത്തിന്റെ ധാഷ്ട്യം മാത്രമാണ്. ഭരണ കക്ഷിയിലെ പ്രമുഖനായ സിപിഎം പറഞ്ഞാലും തങ്ങൾ മാറി ചിന്തിക്കില്ല എന്ന കാഴ്ചപ്പാടാണ് ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. തങ്ങൾ കൊടിവെയ്ക്കുന്ന സ്ഥലങ്ങൾ പൂട്ടിക്കും എന്ന നിലപാടും സി.ഐ.റ്റി.യു ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നു. ഓരോ വ്യക്തിയുടെയും ജീവനും ജീവിതത്തിനും മുൻപിൽ കൊടിവെക്കുന്ന സിഐടിയുവിന് മറ്റൊരു കൊടി തിരിച്ചാരും വെക്കാതിരിക്കാൻ ഇടയാകട്ടെ.