തണ്ണിത്തോട് : സിഐടിയു തണ്ണിത്തോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞള്ളൂർ ഫോറെസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഒരാഴ്ച്ച മുൻപ് അടവിയിൽ ഇക്കോ ടൂറിസം വർക്കേഴ്സ് യൂണിയൻ രൂപീകരിക്കുകയും സി ഐ ടി യു ന്റെ കൊടിമരം ഈ പ്രദേശത്ത് സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ സ്ഥാപിച്ച കൊടിമരം ഫോറെസ്റ്റ് ഡെപ്യൂട്ടി ഉദ്യോഗസ്ഥർ ആയ നൗഷാദിന്റെയും മനോജിന്റെയും നേതൃത്വത്തിൽ അനധികൃതമായി എടുത്തു മാറ്റിയതിൽ പ്രതിഷേധിച്ചാണ് സിഐടിയു മാർച്ച് നടത്തിയത്. യോഗം സി ഐ ടി യു ജില്ലാ പ്രസിഡന്റ് എസ് ഹരിദാസ് ഉദ്ഘാടനം ചെയ്തു. സി ഐ ടി യു ഏരിയ പ്രസിഡന്റ് ടി കെ സജി അധ്യക്ഷത വഹിച്ചു. സിപിഐഎം തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദ് സ്വാഗതം പറഞ്ഞു.
കൊടിമരം സ്ഥാപിച്ച സ്ഥലം റിസേർവ് ഫോറെസ്റ്റ് പരിധിയിൽ പെട്ടതാണെന്ന് അവകാശാപ്പെട്ടാണ് യൂണിയൻ കൊടിമരം വനംവകുപ്പ് ഉദ്യോഗസ്ഥർ നേതൃത്വത്തിൽ നശിപ്പിച്ചത്. എന്നാൽ ഇത് റിസേർവ് ഫോറെസ്റ്റ് പരിധിയിൽ പെട്ടത് അല്ല എന്നും നിലവിൽ കൊടിമരം ഇരിക്കുന്ന സ്ഥലം തണ്ണിത്തോട് പഞ്ചായത്ത് ആസ്ഥിയിൽ രേഖപ്പെടുത്തിയ റോഡിന്റെ അരിക് ആണെന്നും വ്യക്തമായതാണ്. മുകളിൽ കൂടെ 220 കെ വി വൈദ്യൂതി ലൈനും പോകുന്നുണ്ട്. ഇതിനോട് ചേർന്ന് തേക്കിൻ തൊട്ടവും ആണ്. വന ഭൂമിയിൽ കൊടിമരം സ്ഥാപിച്ചു എന്ന് പറഞ്ഞുകൊണ്ട് ബോധ പൂർവ്വം ആയി ഉദ്യോഗസ്ഥർ പ്രകോപനം സൃഷ്ടിക്കുകയാണ് എന്നും സി ഐ ടി യു പ്രവർത്തകർ പറഞ്ഞു.
പഞ്ചായത്ത് വെയ്റ്റിംഗ് ഷെഡ്ഡും ആരാധനാലയങ്ങളുടെ ബോർഡുകളും മാറ്റണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. ഇത് വനംവകുപ്പ് ഉദ്യോഗസ്ഥർ ജനങ്ങളെ കടന്നാക്രമിക്കുന്നതിന് തുല്യം ആണെന്നും തൊഴിലാളികൾ പറഞ്ഞു. സി ഐ ടി യു തണ്ണിത്തോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ കൊടിമരം പ്രദേശത്ത് സ്ഥാപിക്കുകയും ചെയ്തു. വനം വകുപ്പിന്റെ ഈ മോശം പ്രവണക്കെതിരെ നടപടി എടുക്കണം എന്നും കൊടിമരം നശിപ്പിച്ച ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യണം എന്നും ജില്ലാ പ്രസിഡന്റ് എസ് ഹരിദാസ് പറഞ്ഞു. സിപിഐഎം തേക്കുതോട് ലോക്കൽ സെക്രട്ടറി ജിഷ്ണു മോഹൻ, യൂണിയൻ പഞ്ചായത്ത് കൺവീനർ ഇ കെ കൃഷ്‌ണൻകുട്ടി, വി വി സത്യൻ, ഫോറെസ്റ്റ് വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് ഒ എസ് വിജയൻ എന്നിവർ സംസാരിച്ചു.