കോഴിക്കോട്: ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം. കോഴിക്കോട് ജില്ലാ കോടതിയാണ് മുൻകൂർ ജാമ്യം നൽകിയത്. അധ്യാപികയായ ദളിത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് സിവിക്ക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. കൊയിലാണ്ടി പോലീസ് സിവിക്കിനെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
ഏപ്രിൽ മാസത്തിൽ പയ്യോളിയിലെ ക്യാമ്പിൽ വച്ച് പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. ഇതിനു പിന്നാലെ സമാനമായ മറ്റൊരു കേസ് കൂടി സിവിക് ചന്ദ്രനെതിരെ ഉയർന്നിരുന്നു. 2020ൽ കവിതാ ക്യാമ്പിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് കാണിച്ച് യുവഎഴുത്തുകാരിയാണ് പരാതി നൽകിയത്. സംഭവത്തിൽ സിവിക്കിനെതിരെ കൊയിലാണ്ടി പോലീസ് മറ്റൊരു കേസുകൂടി എടുത്തിട്ടുണ്ട്.