തൊടുപുഴ: എല്‍.ഡി.എഫ് വെള്ളാപ്പള്ളി സംരക്ഷണം അവസാനിപ്പിച്ചില്ലെങ്കില്‍ തൃക്കാക്കരകള്‍ ആവര്‍ത്തിക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം മുന്‍ പ്രസിഡന്‍റ് അഡ്വ.സി.കെ. വിദ്യാസാഗര്‍. വെള്ളാപ്പള്ളി നടേശന് കേസുകളില്‍ സംരക്ഷണ കവചമൊരുക്കുന്ന എല്‍.ഡി.എഫ് നിലപാടുകളോടുള്ള ശ്രീനാരായണ സമൂഹത്തിന്റെ പ്രതിഷേധം തൃക്കാക്കര തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതിന്റെ ഫലമാണ് ഉമ തോമസിന്റെ ഭൂരിപക്ഷം.
2016ല്‍ ബി.ജെ.പി ഹെലികോപ്ടറില്‍ പറന്ന് ബി.ഡി. ജെ.എസിനും ബി.ജെ.പിക്കും വോട്ട് പിടിച്ച വെള്ളാപ്പള്ളിയെ വെറുക്കപ്പെട്ടവനായി ചിത്രീകരിച്ച് ആക്ഷേപിച്ച എല്‍.ഡി. എഫ് നേതാക്കള്‍ ഭരണത്തിലേറിയപ്പോള്‍ എങ്ങനെ വെള്ളാപ്പള്ളി സംരക്ഷകരായി മാറിയെന്ന് കേരളത്തിലെ ഈഴവ സമുദായം ചിന്തിച്ച് തുടങ്ങിയിട്ടുണ്ടെന്ന കാര്യം മുഖ്യമന്ത്രിയും എല്‍.ഡി.എഫ് നേതാക്കളും തിരിച്ചറിഞ്ഞില്ലെങ്കില്‍ വരാനിരിക്കുന്ന നാളുകളില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും വിദ്യാസാഗര്‍ പ്രസ്താവനയില്‍ പറഞ്ഞു.