സുല്‍ത്താന്‍ ബത്തേരി: ആഡംബര റിസോര്‍ട്ടിലെ താമസക്കാരനെന്ന വ്യാജേനെ ജ്വല്ലറിയിലേക്ക് വിളിച്ച് സ്വര്‍ണനാണയം ആവശ്യപ്പെട്ട് ജീവനക്കാരെ കബളിപ്പിച്ച് മുങ്ങിയ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി. കോഴിക്കോട് തിക്കോടി സ്വദേശി വടക്കേ പുരയില്‍ റാഹില്‍ (28) ആണ് പിടിയിലായത്. ബത്തേരിയിലെ ജ്വല്ലറി ജീവനക്കാരില്‍ നിന്ന് പത്ത് പവന്‍ വരുന്ന സ്വര്‍ണമാണ് ഇയാള്‍ തട്ടിയെടുത്തത്. കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. ബത്തേരിയിലെ ഹോട്ടലില്‍ താമസിക്കുകയും പിന്നീട് സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ചെന്ന് അവിടുത്തെ താമസക്കാരനായി അഭിനയിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രമുഖ വ്യവസായിയുടെ ബന്ധുവാണെന്ന് വ്യാജേന നഗരത്തിലെ ഒരു ജ്വല്ലറിയില്‍ വിളിച്ച് പത്തു സ്വര്‍ണനാണയങ്ങള്‍ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. സ്വര്‍ണ്ണം ബില്ലടിച്ചതിന് ശേഷം കൊണ്ടുവന്നാല്‍ മതിയെന്നും പണം ഇവിടെ വെച്ച് കൈമാറാമെന്നും ഇയാള്‍ പറഞ്ഞു.
ഇതുപ്രകാരം ജ്വല്ലറി ജീവനക്കാര്‍ റിസോര്‍ട്ടില്‍ എത്തി റാഹിലിന് സ്വര്‍ണ്ണനാണയങ്ങള്‍ കൈമാറി. അരപ്പവന്റെ ആറു നാണയങ്ങളും ഒരുപവന്റെ നാലു നാണയങ്ങളുമാണ് കൈമാറിയത്. സ്വര്‍ണനാണയങ്ങള്‍ തന്റെ മാഡത്തിന് പരിശോധിക്കണമെന്നും അവര്‍ തൊട്ടടുത്ത മുറിയിലുണ്ടെന്നും പറഞ്ഞശേഷം നാണയങ്ങളുമായി മുറിക്കു പുറത്തേക്കുപോയ റാഹില്‍ അല്‍പസമയത്തിനുശേഷം തിരിച്ചെത്തി. ശേഷം മാഡത്തിന് നാണയങ്ങള്‍ ഇഷ്ടപ്പെട്ടെന്നും പണം എണ്ണുന്നതിനുള്ള മെഷീന്‍ താഴെ കാറിലാണെന്നും അത് എടുത്തിട്ടുവരാമെന്നും പറഞ്ഞ് മുങ്ങുകയായിരുന്നെന്നാണ് പരാതി. ഏറെനേരം കഴിഞ്ഞിട്ടും ഇയാള്‍ തിരിച്ചുവരാതായതോടെയാണ് ജീവനക്കാര്‍ പോലീസില്‍ പരാതി നല്‍കിയത്.