പത്തനംതിട്ട : മിൽമ തട്ട യുണിറ്റിൽ തൊഴിലാളികൾ തമ്മിൽ സംഘർഷം. അതിരാവിലെ പാൽ ഉല്‍പ്പന്നങ്ങൾ പുറത്തേക്കു കൊണ്ടു പോകുമ്പോഴായിരുന്നു അടിപിടി. പരുക്കേറ്റ സിബി സാം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പോലീസ് സിബി സാമിന് സംരക്ഷണം ഒരുക്കുന്നില്ലെന്നും പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുമ്പോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ഡയറിയില്‍ നിന്ന് ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന മോട്ടോർ തൊഴിലാളികളുടെ യൂണിയനുകള്‍ തമ്മിലാണ് തര്‍ക്കം. സി.ഐ.ടി.യു, ബി.എം.എസ് സംഘടനകൾ മാത്രമായിരുന്നു ഇതുവരെ ഇവിടെ ഉണ്ടായിരുന്നത്. അടുത്തിടെ ബി.എം.എസിൽ നിന്ന് മൂന്നുപേർ ഐ.എൻ.ടി.യു.സി യൂണിയനില്‍ ചേര്‍ന്നിരുന്നു. ഐ.എൻ.ടി.യു.സി യൂണിയന്‍ രൂപീകരിക്കാൻ നേതൃത്വം നൽകിയത് സിബി സാം എന്ന തൊഴിലാളി ആയിരുന്നു. ഇതോടെ ഇദ്ദേഹം മറ്റുള്ളവരുടെ ശത്രുവായി. തൊഴില്‍ മേഖലയില്‍ വെച്ച് പല തവണ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നുവെന്ന് കാട്ടി സിബി സാം ഹൈക്കോടതിയെ സമീപിച്ചു. ഇദ്ദേഹത്തിന് സംരക്ഷണം നല്‍കണമെന്ന് കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ഇന്ന് വീണ്ടും മര്‍ദ്ദനമേറ്റതെന്ന് ജ്യോതിഷ് കുമാർ മലയാലപ്പുഴ പറഞ്ഞു.