കോട്ടയം: കാൽ വഴുതി പുഴയിലേക്ക് വീണ വീട്ടമ്മയ്ക്ക് രക്ഷകരായത് അഞ്ചാം ക്ലാസ് വിദ്യാർഥിനികൾ. കോട്ടയം തിരുവാർപ്പിലെ കാഞ്ഞിരം ജെട്ടിക്ക് സമീപമാണ് അപകടമുണ്ടായത്. സുഹൃത്തുക്കളായ സാദിയ ഫാത്തിമയും കൃഷ്ണ നന്ദയും ചേർന്നാണ് അതിസാഹസികമായി വീട്ടമ്മയെ രക്ഷപ്പെടുത്തിയത്. തുണി അലക്കുന്നതിനിടയിലാണ് കാൽ വഴുതി സെറീന പുഴയിലേക്ക് വീണത്. നീന്തൽ വശമില്ലാതിരുന്ന സെറീന വെള്ളത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു. സമീപത്തു കളിച്ചുകൊണ്ടിരുന്ന മകൾ സാദിയയും കൂട്ടുകാരി കൃഷ്ണ നന്ദയും ഇത് കണ്ടുകൊണ്ടാണ് പുഴയരികിലേക്ക് ഓടിയെത്തിയത്. രണ്ടാമതൊരു ആലോചന വേണ്ടി വന്നില്ല ഇരുവരും പുഴയിലേക്ക് എടുത്തു ചാടി.
അടിയൊഴുക്കുള്ള പുഴയിൽ മുങ്ങിത്താഴ്ന്ന സെറീനയുടെ കാലിലാണ് സാദിയയ്ക്ക് പിടുത്തം കിട്ടിയത്. സാദിയ കാലിൽ പിടിച്ചു ഉയർത്തിയതോടെ കൃഷ്ണ നന്ദ മുടിയിൽ പിടിച്ചു വലിച്ചുകൊണ്ട് അവിടെ ഉണ്ടായിരുന്ന വള്ളത്തിന്റെ അരികിലേക്ക് അടുപ്പിച്ചു. കുട്ടികളുടെ നിലവിളി കേട്ട് എത്തിയ അയൽവാസിയായ ജിത്തു എന്ന യുവാവും ചേർന്നാണ് വീട്ടമ്മയെ കരക്കെത്തിച്ചത്.അപകടത്തിൽപ്പെട്ട സെറീന ഇപ്പോഴും ആ നടുക്കത്തിൽ നിന്നും മാറിയിട്ടില്ല. സാദിയ ഫാത്തിമ കാഞ്ഞിരം എസ്.എന്‍.ഡി.പി സ്കൂൾ വിദ്യാർഥിനിയും കൃഷ്ണനന്ദ കഞ്ഞിക്കുഴി മൌണ്ട് കര്‍മല്‍ സ്കൂളിലെ വിദ്യാർഥിനിയുമാണ്.