പത്തനംതിട്ട : ശബരിമലയും പരിസരപ്രദേശങ്ങളും പ്ലാസ്റ്റിക് മുക്തമാക്കുന്നതിനും മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനുമായി നടപ്പിലാക്കുന്ന മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിക്ക് വിവിധ പരിപാടികളൊരുക്കി ശുചിത്വമിഷന്‍. തുണിസഞ്ചി വിതരണം, പ്ലാസ്റ്റിക് ക്യാരിബാഗ് എക്‌സേഞ്ച് കൗണ്ടര്‍, ഗ്രീന്‍ ഗാര്‍ഡ്‌സ്, പ്ലാസ്റ്റിക് വേസ്റ്റ് കളക്ഷന്‍, ബോധവത്കരണ പരിപാടികള്‍ എന്നിവ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. ശബരിമലയും പരിസര പ്രദേശങ്ങളും പ്ലാസ്റ്റിക് മുക്തമാക്കുന്നതിനായി തീര്‍ഥാടകര്‍ക്ക് പ്ലാസ്റ്റിക് ക്യാരിബാഗിനു പകരമായി ബോധവത്കരണ സന്ദേശങ്ങള്‍ അടങ്ങിയ അരലക്ഷത്തോളം തുണിസഞ്ചികള്‍ വിതരണം ചെയ്യുന്നു.
നിലയ്ക്കല്‍ ബേസ് ക്യാമ്പ്, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ തീര്‍ഥാടകരില്‍ നിന്നും പ്ലാസ്റ്റിക് ക്യാരിബാഗ് വാങ്ങുകയും പകരം സൗജന്യമായി തുണിസഞ്ചി നല്‍കുകയും ചെയ്യുന്ന കിയോസ്‌ക് പ്രവര്‍ത്തിക്കുന്നു. പമ്പാ നദിയിലേക്ക് വസ്ത്രങ്ങള്‍ നിക്ഷേപിക്കുന്നത് തടയുന്നതിനായി പമ്പാ സ്‌നാനഘട്ടത്തില്‍ ഗ്രീന്‍ ഗാര്‍ഡ്‌സ് ആയി 20 യുവാക്കളെ നിയോഗിച്ചു. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ 24 മണിക്കൂറും ഇവര്‍ പ്രവര്‍ത്തിക്കും. ളാഹ മുതല്‍ പമ്പ വരേയും കണമല മുതല്‍ ളാഹ വരേയുമുള്ള റോഡരികിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എക്കോ ഗാര്‍ഡുകളുടെ സഹായത്തോടെയും നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ നിന്നുമുള്ള അജൈവമാലിന്യങ്ങളും ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ശേഖരിക്കുന്നുണ്ട്. ശേഖരിക്കുന്ന മാലിന്യങ്ങള്‍ തിരുവല്ല ആസ്ഥാനമായ ക്രിസ് ഗ്ലോബല്‍ ട്രേഡേഴ്‌സ് എന്ന അംഗീകൃത സ്ഥാപനമാണ് സംസ്‌കരണത്തിനായി കൊണ്ടുപോകുന്നത്.
ശബരിമലയും കാനനപാതയും പ്ലാസ്റ്റിക് വിമുക്തമായി സംരക്ഷിക്കണമെന്നും പമ്പയില്‍ വസ്ത്രങ്ങള്‍ വലിച്ചെറിയുന്നത് നിരുത്സാഹപ്പെടുത്തുന്നതിനുമുള്ള സന്ദേശങ്ങളടങ്ങിയ ബഹുഭാഷാ ബാനറുകളും വിവിധ ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. ശബരിമലയില്‍ പ്ലാസ്റ്റികിന്റെ ഉപയോഗം കുറക്കുന്നതിനും പമ്പാ നദിയെ മാലിന്യമുക്തമാക്കുന്നതിനും ദേവസ്വംബോര്‍ഡ്, റവന്യൂ, വനംവകുപ്പ്, പോലീസ് വകുപ്പുകള്‍ മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.