പത്തനംതിട്ട : കെ റെയിലിനായി വീടിന്‍റെ അടുക്കളയിൽ അധികൃതർ മഞ്ഞ കുറ്റി സ്ഥാപിച്ച തങ്കമ്മക്ക് അടച്ചുറപ്പുള്ള വീടൊരുങ്ങുന്നു. വീടിന്‍റെ നിർമാണ പ്രവർത്തനം ആരംഭിച്ചു. ഇതിനായുള്ള തുക സമാഹരണത്തിനായി കെ റെയിൽ വിരുദ്ധ സമിതി കൃഷി ചെയ്ത വാഴക്കുലകൾ ലേലം ചെയ്ത് തുക സംഭാവന ചെയ്തത് ജനശ്രദ്ധ നേടിയിരുന്നു. അരലക്ഷം രൂപക്ക് വരെയാണ് വാഴ കുലകൾ ലേലം നടത്തിയത്.
കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ കൊഴുവല്ലൂരിൽ ഉയരുന്ന തങ്കമ്മയുടെ വീട് സിൽവർ ലൈൻ വിരുദ്ധ സമര സ്മാരകമാണെന്ന് രമേശ് ചെന്നിത്തല എംഎൽഎ പറഞ്ഞു.
കെ റെയിൽ പദ്ധതിയുടെ ഭാഗമായി ഒറ്റമുറി കൂരയുടെ മുറ്റത്തെ അടുപ്പ് കല്ലിളക്കി മഞ്ഞക്കുറ്റിയിട്ടതിലൂടെ ഭക്ഷണം പാകം ചെയ്ത് കഴിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട തങ്കമ്മയ്ക്ക് സമരസമിതി നിർമിച്ചു നൽകുന്ന വീടിന്‍റെ തറക്കല്ലിടൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭവനനിർമ്മാണ സമിതി പ്രസിഡന്‍റ് കെ കെ സജികുമാർ അധ്യക്ഷത വഹിച്ചു. സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ് രാജീവൻ, ഭവന നിർമ്മാണ സമിതി രക്ഷാധികാരികളായ ജോസഫ് എം പുതുശ്ശേരി, അഡ്വ. എബി കുര്യാക്കോസ്, സെക്രട്ടറി മധു ചെങ്ങന്നൂർ, ട്രഷറർ സിന്ധു ജെയിംസ്, സമരസമിതി സംസ്ഥാന നേതാക്കളായ വിജെ ലാലി, ബാബു കുട്ടൻചിറ, എസ് സൗഭാഗ്യകുമാരി, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജൂണി കുതിരവട്ടം, അഡ്വ. ജോർജ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.