തിരുവനന്തപുരം: കിഫ്ബിയുടെ പേരില്‍ ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ക്ക് കിഫ്ബിയെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. ആദായനികുതി പരിശോധന ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്. അധികാരമുണ്ടെന്ന് കരുതി എവിടെയും ചെന്ന് കയറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ ധനമന്ത്രി തോമസ് ഐസക്കും പരിശോധനക്കെതിരെ രംഗത്ത് വന്നിയിരുന്നു. ആദായനികുതി വകുപ്പിന്റെ നടപടി ഊളത്തരമാണെന്നും ഭീഷണിപ്പെടുത്തുകയാണ് ഇഡി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയുടെ സല്‍പ്പേര് കളയാനാണ് ഇഡിയുടെയും ആദായനികുതി വകുപ്പിന്റെയും ശ്രമം. മാധ്യമങ്ങളെ അറിയിച്ചാണ് ആദായനികുതി വകുപ്പ് പരിശോധനയ്ക്ക് വന്നത്. ആളെക്കൂട്ടി വരാനാണ് ഐആര്‍എസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. തെമ്മാടിത്തരമെന്ന പ്രയോഗം കടന്നുപോയെന്ന് ചിലര്‍ പറയുന്നു. കരാറുകാരുടെ നികുതിപ്പണം അടയ്‌ക്കേണ്ട ബാധ്യത കിഫ്ബിക്കില്ല. കിഫ്ബിയുമായി ബന്ധപ്പെട്ട പാസ്വേഡുകള്‍ നല്‍കാമെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചതാണ് – മന്ത്രി പറഞ്ഞു.
ഇന്നലെ ഉച്ചയോടെയാണ് കിഫ്ബിയിലെ ആദായനികുതി വകുപ്പിന്റെ പരിശോധന ആരംഭിച്ചത്. പതിനഞ്ചോളം ഉദ്യോഗസ്ഥരാണ് തിരുവനന്തപുരത്തെ കിഫ്ബി ആസ്ഥാനത്ത് പരിശോധനയ്ക്ക് എത്തിയത്. ആദായനികുതി വകുപ്പ് കമ്മീഷണറും പരിശോധന നടത്തി. പിന്നീട് രാത്രിയോടെ അദ്ദേഹം മടങ്ങുകയായിരുന്നു.പരിശോധന മണിക്കൂറുകള്‍ നീണ്ടു. നേരത്തെ ആവശ്യപ്പെട്ട കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പദ്ധതികളുടെ വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു.