തിരുവനന്തപുരം: നടന്‍ പൂജപ്പുര രവിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. നാടകാസ്വാദകരുടെ മനസ്സ് കീഴടക്കിയാണ് അദ്ദേഹം കലാരംഗത്ത് കടന്നുവന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളം ആരാധകരുള്ള അദ്ദേഹം പില്‍ക്കാലത്ത് സിനിമയിലൂടെ വിശേഷിച്ച് ഹാസ്യ കഥാപാത്രങ്ങളുടെ ആവിഷ്‌കാരത്തിലൂടെ ജനമനസ്സുകളില്‍ പതിഞ്ഞു നിന്നു. ഭാവപ്രധാനമായ അഭിനയ ശൈലിയുടെ ഉടമയായിരുന്നു പൂജപ്പുര രവി. പൂജപ്പുര രവിയുടെ വിയോഗം കലാ – സാംസ്‌കാരിക രംഗത്തിന് പൊതുവില്‍ കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സ്റ്റേജ് നടനായിരുന്ന അദ്ദേഹം പ്രശസ്ത നാടക സ്ഥാപനമായ കലാനിലയം ഡ്രാമ വിഷന്റെ ഭാഗമായിരുന്നു. 1970-കളുടെ മധ്യത്തിലാണ് അദ്ദേഹം മലയാളം സിനിമയിലേക്ക് കാലെടുത്തു വയ്ക്കുന്നത്. നിരവധി ‘ബ്ലാക്ക് ആന്‍ഡ് വൈറ്റ്’ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഏകദേശം 600 സിനിമകളിലോളം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1990 കളില്‍ അദ്ദേഹം ടിവി സീരിയലുകളും ചെയ്തു.