തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് നിയമസഭയുടെ ഒരു പരിരക്ഷയുമില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. നിയമസഭ സമ്മേളിക്കുന്നു എന്ന കാരണം പറഞ്ഞ് ലൈഫ് മിഷന്‍ കേസിലെ ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കുകയാണ് രവീന്ദ്രന്‍. ഈ മാസം ഏഴിന് ഹാജരാകാന്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രവീന്ദ്രന് വീണ്ടും നോട്ടീസ് നല്‍കി. ഫെബ്രുവരി 27ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും രവീന്ദ്രന്‍ എത്തിയിരുന്നില്ല. കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ ഏഴിന് രാവിലെ 10.30ന് ഹാജരാകാനാണ് പുതിയ നോട്ടീസില്‍ ആവശ്യപ്പെട്ടത്. നിയമസഭാ സമ്മേളനമായതിനാല്‍ 27ന് ഹാജരാകാന്‍ കഴിയില്ലെന്ന് രവീന്ദ്രന്‍ ഇ.ഡിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് പുതിയ നോട്ടീസ് നല്‍കിയത്. മൂന്നു തവണ നോട്ടീസ് നല്‍കയിട്ടും ഹാജരായില്ലെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെ നടപടികള്‍ക്ക് ഇ.ഡിക്ക് അധികാരമുണ്ട്.
അതിനിടെ, ലൈഫ് മിഷന്‍ സി.ഇ.ഒ പി.ബി. നൂഹില്‍ നിന്ന് ഇ.ഡി വിവരങ്ങള്‍ ശേഖരിച്ചു. മിഷന്‍ പ്രവര്‍ത്തനം, പദ്ധതികള്‍, വിവാദമായ വടക്കാഞ്ചേരി ഫ്ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുടങ്ങിയവയാണ് നൂഹില്‍ നിന്ന് ആവശ്യപ്പെട്ടത്. രവീന്ദ്രന് ലൈഫ് ഇടപാടിലെ ബന്ധം തെളിയിക്കുന്ന നിരവധി രേഖകള്‍ ഇ.ഡി ശേഖരിച്ചിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാവും രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യുക.രവീന്ദ്രന്‍ ഇ.ഡിക്ക് മുന്നില്‍ ഒളിച്ചു കളിക്കുന്നത് ഇതാദ്യമല്ല. 2020 ഡിസംബറില്‍ നാലുവട്ടം നോട്ടീസ് നല്‍കിയിട്ടാണ് ഇ.ഡിക്കു മുന്നില്‍ രവീന്ദ്രന്‍ ഹാജരായത്. സ്വര്‍ണക്കടത്ത്, ബിനാമി- കള്ളപ്പണ ഇടപാടുകള്‍ എന്നിവയുടെ വിവരങ്ങള്‍ തേടിയാണ് ഇ.ഡി അന്ന് വിളിപ്പിച്ചത്. 2020 നവംബര്‍ ആറിന് ആദ്യ നോട്ടീസ് നല്‍കിയതിന് പിന്നാലെ രവീന്ദ്രന് കൊവിഡ് ബാധിച്ചു. രണ്ടാമതും മൂന്നാമതും നോട്ടീസ് നല്‍കിയപ്പോള്‍ കൊവിഡാനന്തര പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളേജാശുപത്രിയില്‍ അഡ്‌മിറ്റായി.
സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നും ബന്ധുക്കളുടെ പേരിലടക്കം വന്‍തോതില്‍ ബിനാമി സ്വത്തുണ്ടാക്കിയെന്നുമുള്ള ആരോപണങ്ങളാണ് ഇ.ഡി അന്വേഷിച്ചത്. രവീന്ദ്രന്റെ ബിനാമിസ്വത്തുക്കളെന്ന് കരുതുന്ന വടകരയിലെ ആറ് സ്ഥാപനങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തുകയും വന്‍ സാമ്ബത്തികയിടപാടുകളുള്ള ഊരാളുങ്കല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആസ്ഥാനത്ത് പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്. രവീന്ദ്രന്റെയും ഭാര്യയുടെയും ബാങ്കിടപാട് രേഖകളും വരുമാന സ്രോതസുകളുമെല്ലാം കണ്ടെത്തിയ ശേഷമാണ് ചോദ്യംചെയ്യലിനെത്താന്‍ ഇ.ഡി നോട്ടീസ് നല്‍കിയത്. ഇതിനുപുറമെ സ്വപ്നയുടെ മൊഴിയും രവീന്ദ്രന് കുരുക്കാണ്. നയതന്ത്ര ബാഗിന്റെ മറവില്‍ സ്വര്‍ണവും ഇലക്‌ട്രോണിക് ഉപകരണങ്ങളും കടത്തുന്ന വിവരം എം.ശിവശങ്കറിനു മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ അദ്ദേഹത്തിന്റെ ടീമിനും അറിയാമായിരുന്നെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍.
ശിവശങ്കറുമായി അടുപ്പമുള്ളവരുടെ പേരുകള്‍ സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇതിലൊരാള്‍ ടോറസ് ഡൗണ്‍ടൗണ്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടയാളാണെന്നും ഇ.ഡി കോടതിയെ അറിയിച്ചിട്ടുണ്ട്. ലൈഫ്മിഷന്‍, കെ-ഫോണ്‍, ടെക്നോപാര്‍ക്കിലെ ടോറസ് ഡൗണ്‍ടൗണ്‍, സ്‌മാര്‍ട്ട്സിറ്റി വികസനം എന്നിവയിലെല്ലാം രവീന്ദ്രന്റെ വഴിവിട്ട ഇടപെടലുണ്ടായെന്നും ലൈഫ്മിഷനിലെ 36കരാറുകളില്‍ 26ഉം രണ്ട് കമ്ബനികള്‍ക്ക് ലഭിച്ചത്, ടെന്‍ഡറിനു മുന്‍പ് വിവരങ്ങള്‍ ചോര്‍ത്തിയതിലൂടെയാണെന്നും ഇ.ഡി സംശയിക്കുന്നു. ഇത് കണ്ടെത്താനാണ് ചോദ്യം ചെയ്തത്.ഇതിനുപുറമെ, ഊരാളുങ്കലുമായുള്ള ദുരൂഹ ബന്ധങ്ങളെക്കുറിച്ചും അന്വേഷണമുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ 88ലക്ഷം രൂപ വിലയുള്ള മണ്ണുമാന്തി യന്ത്രം മണിക്കൂറിന് 2500രൂപയ്ക്ക് വാടകയ്ക്ക് നല്‍കി മാസം തോറും ലക്ഷങ്ങള്‍ നേടിയെന്ന് കണ്ടെത്തി. 2018മുതല്‍ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള മുക്കത്തെ പാറമടയില്‍ യന്ത്രം പ്രവര്‍ത്തിക്കുന്നുണ്ട്.
രവീന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് മുടങ്ങാതെ വാടകയായി ലക്ഷങ്ങള്‍ എത്തിയിരുന്നതായി ബാങ്ക് രേഖകളുണ്ടെന്ന് ഇ.ഡി പറയുന്നു. രവീന്ദ്രന്റെ സൊസൈറ്റിയുമായുള്ള പണമിടപാട് ഇ.ഡി വിശദമായി അന്വേഷിക്കുന്നുണ്ട്.കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി 12 സ്ഥാപനങ്ങളില്‍ രവീന്ദ്രനോ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കോ ഓഹരിയുണ്ടെന്നും ഇ.ഡിക്ക് വിവരം കിട്ടിയിട്ടുണ്ട്. രവീന്ദ്രനില്‍ നിന്ന് ഉന്നത ഭരണ നേതൃത്വത്തിന്റെ വഴിവിട്ട ഇടപെടലുകള്‍ക്ക് തെളിവു കിട്ടുമെന്നാണ് ഇ.ഡി കരുതുന്നത്. രവീന്ദ്രനെ ഇ.ഡിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് അന്ന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.