തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശക്തമായ താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചെറിയൊരുവിഭാഗം ജീവനക്കാര്‍ ലാഭേഛയോടെ നീങ്ങുന്നുവെന്നും അഴിമതിക്കാര്‍ ദാക്ഷണ്യമില്ലാത്ത നടപടി നേരിടേണ്ടിവരുമെന്നും പിണറായി വിജയന്‍ പറഞ്ഞു. അതിദാരിദ്ര്യം നേരിടുന്നവരെ സഹായിക്കുന്ന പദ്ധതികള്‍ വെറുതെ ഫയലില്‍ എഴുതിയാല്‍പോരെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. സുസ്ഥിര വികസന ബോധവത്ക്കരണ പരിപാടി മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.
ദുരിതാശ്വാസ നിധി തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവരികയും ലൈഫ് മിഷന്‍കോഴ ആരോപണങ്ങള്‍ വീണ്ടും ഉരുകയും ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി സര്‍ക്കാര്‍ ജീനക്കാര്‍ക്ക് കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കുന്നത്. കൈക്കൂലി വാങ്ങിയും ജനങ്ങളുടെ പണം കട്ടെടുത്തും മുന്നോട്ട് പോകാമെന്ന് ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരക്കാരെ ചുമക്കേണ്ട ബാധ്യത സര്‍ക്കാരിനില്ല. ശക്തമായ നടപടിവരുമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
അതിദാരിദ്ര്യം നേരിടുന്ന 64,000 കുടുംബങ്ങളെ കൈപിടിച്ച് ഉയര്‍ത്തണം. ഇത് വെറുതെ ഫയലില്‍ എഴുതിയാല്‍പോരെന്നും ഓരോ കുടുംബത്തെയും മുന്നില്‍കണ്ട് വേണ്ട സഹായം നല്‍കണെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഒന്‍പത് മാസത്തിനിടെ ഒരുലക്ഷത്തി മുപ്പത്തിമൂവായിരം വ്യവസായ സംരഭങ്ങള്‍ ആരംഭിക്കാനായി എന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. എല്ലാവകുപ്പുകളും ഒരുമിച്ചാല്‍ കൂടുതല്‍ നേട്ടമുണ്ടാക്കാനാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു.