തിരുവനന്തപുരം : കോവിഡില്‍ രാജ്യത്ത് ഏറ്റവും കുറഞ്ഞ മരണനിരക്കും മികച്ച ചികിത്സയും നല്‍കുന്ന കേരളത്തെ വസ്തുതകള്‍ മറച്ചുവെച്ച് താറടിക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ണാടക അതിര്‍ത്തിയില്‍ കേരളത്തില്‍ നിന്നുള്ളവരെ തടഞ്ഞതിനെ വിമര്‍ശിച്ച മുഖ്യമന്ത്രി അന്തര്‍സംസ്ഥാന യാത്ര തടഞ്ഞതിന് ന്യായീകരണമില്ലെന്നും വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
സാഹചര്യമനുസരിച്ച് ഓരോ സംസ്ഥാനത്തിനും നിയന്ത്രണങ്ങള്‍ കൊണ്ടുവരാമെങ്കിലും പൊതുമാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാകാന്‍ പാടില്ല. ലോക്ഡൗണിനുശേഷം അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയത് പാലിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം. അല്ലെങ്കില്‍ ജനങ്ങള്‍ക്ക് അത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കേരളത്തിന് അനുകൂലമായ നടപടി പ്രതീക്ഷിക്കുന്നു.
പല സംസ്ഥാനങ്ങളും കോവിഡിന്റെ അടുത്ത തരംഗത്തിന്റെ വക്കിലാണ്. 16 സംസ്ഥാനങ്ങളില്‍ രോഗവ്യാപനതോത് വര്‍ധിച്ചപ്പോള്‍ കേരളത്തില്‍ ക്രമാനുഗതമായ കുറവുണ്ട്. 150 മരണങ്ങളും പതിനായിരത്തിലധികം കേസുകളും ഉണ്ടായിരുന്ന സാഹചര്യം കര്‍ണാടകയിലുണ്ടായിരുന്നു. കഴിഞ്ഞ നവംബറില്‍ തന്നെ ഏകദേശം 46 ശതമാനം ആളുകള്‍ക്ക് അവിടെ കോവിഡ് വന്നെന്നാണ് കണക്ക്. അതിന്‍റ പത്തിലൊന്ന് ആളുകള്‍ക്ക് പോലും കേരളത്തില്‍ ഇതുവരെ കോവിഡ് ബാധയുണ്ടായിട്ടില്ല.
കേരളത്തിലെ റിപ്പോര്‍ട്ടിങ് സംവിധാനത്തിന്റെ മികവു കൂടി പരിഗണിക്കണം. അവിടെ 30 പേര്‍ക്ക് രോഗം വരുമ്പോള്‍ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നുവെങ്കില്‍ കേരളത്തില്‍ മൂന്ന് പേര്‍ക്ക് രോഗം വരുമ്പോള്‍ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍ കേസുകള്‍ മറ്റ് സ്ഥലങ്ങളെക്കാള്‍ കൂടുതല്‍ ആണെന്ന പ്രതീതി ഉണ്ടാകാന്‍ കാരണം ഇവിടെ രോഗം കൂടുതല്‍ കാര്യക്ഷമമായി കണ്ടെത്തുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് കൂടുതല്‍ കോവിഡ് വാക്സിന്‍ അനുവദിക്കണം. സ്വകാര്യ സംരംഭകര്‍ക്കും വാക്സിന്‍ മിതമായ വിലക്ക് വിതരണം ചെയ്യാന്‍ അനുമതി നല്‍കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.