തിരുവനന്തപുരം : കേരളം നിക്ഷേപ സൗഹൃദമല്ലെന്ന വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമായി മാത്രമേ ഇതിനെ കാണാന്‍ പറ്റൂ. കിറ്റക്സ് ഗ്രൂപ്പിന്റെ നിക്ഷേപം തെലങ്കാനയിലേക്ക് മാറ്റിയത് അവരുടെ താല്‍പ്പര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം നിക്ഷേപ സൗഹൃദമല്ലെന്നത് പണ്ട് പറഞ്ഞുപരത്തിയ ആക്ഷേപമാണ്. ഇപ്പോള്‍ കേരളത്തെക്കുറിച്ച് അറിയാവുന്ന എല്ലാവരും ഏറ്റവും വലിയ നിക്ഷേപ സൗഹൃദ സംസ്ഥാനമായാണ് കേരളത്തെ കാണുന്നത്.
നിതി ആയോഗ് സുസ്ഥിര വികസന സൂചികയില്‍ കേരളമാണ് ഒന്നാമത്. സൂചികയിലെ പ്രധാന പരിഗണനാ വിഷയം വ്യവസായമാണ്. വ്യവസായ നേട്ടമാണ് കേരളത്തെ ഒന്നാമതെത്തിച്ചത്. മികച്ച ബിസിനസ് സാഹചര്യം, മനുഷ്യ മൂലധനം എന്നീ വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനവും മെച്ചപ്പെട്ട നിക്ഷേപ സാഹചര്യങ്ങള്‍ എന്ന വിഭാഗത്തില്‍ നാലാം സ്ഥാനവും കേരളത്തിനാണ്.
നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് എക്കണോമിക് റിസര്‍ച്ചിന്റെ 2018ലെ നിക്ഷേപ സാധ്യതാ സൂചികയില്‍ കേരളം നാലാമതായിരുന്നു. 2016 മുതല്‍ സുപ്രധാനമായ വ്യവസായ നിക്ഷേപ നടപടികളാണ് സംസ്ഥാനം കൈക്കൊള്ളുന്നത്. നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും അനുകൂല നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ആരെയും വേട്ടയാടാന്‍ ഈ സര്‍ക്കാര്‍ തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.