കൊച്ചി : പി.സി. ജോര്‍ജിന്റെ അറസ്റ്റ് സംഘപരിവാര്‍ ശക്തികള്‍ക്കുള്ള ഫസ്റ്റ് ഡോസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വര്‍ഗീയ ആക്രമണം നടത്താം എന്ന് സംഘപരിവാറിലെ ചിലര്‍ വിചാരിക്കുന്നുവെന്നും അതിന് ശ്രമിച്ചാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആട്ടിന്‍തോലിട്ട ചെന്നായ വരുന്നത് രക്തം കുടിക്കാനാണ്. ആട്ടിന്‍കൂട്ടത്തിന് അത് നന്നായി അറിയാം. വര്‍ഗീയ വിഷം ചീറ്റിയ ആള്‍ക്കെതിരെ നടപടി സ്വീകരിച്ചപ്പോള്‍ അതില്‍ വര്‍ഗീയത കലര്‍ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അറസ്റ്റിലായ ആളുടെ മതം പറഞ്ഞ് വളരാന്‍ നോക്കുകയാണ് ബി.ജെ.പി. രാജ്യത്ത് ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്ന സംഘപരിവാര്‍ ആക്രമണങ്ങള്‍ മറക്കരുതെന്നും പിണറായി വിജയന്‍ പറഞ്ഞു.
തൃക്കാക്കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് സ്വീകാര്യത വര്‍ദ്ധിച്ചുവരുന്നത് കാണുമ്പോള്‍ യു.ഡി.എഫ് അങ്കലാപ്പിലായിട്ടുണ്ട്. തൃക്കാക്കരയില്‍ നെറികെട്ടതും നിലവാരമില്ലാത്തതുമായ പ്രചാരണത്തിലേക്ക് കടക്കുകയാണ് യു.ഡി.എഫെന്നും അദ്ദേഹം ആരോപിച്ചു. ഉപതിരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫിന്റെ തകര്‍ച്ചയായിരിക്കും ഉണ്ടാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.