തിരുവനന്തപുരം : കരാറുകാരെക്കൂട്ടി എംഎല്‍എമാര്‍ മന്ത്രിയെ കാണാന്‍ വരരുതെന്ന പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ പ്രസ്താവനയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ സിപിഎമ്മില്‍ വ്യത്യസ്ത അഭിപ്രായം ഇല്ലെന്നും ഇത് പുതിയ നിലപാട് അല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. താന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോഴും സമാന നിലപാട് എടുത്തിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഹമ്മദ് റിയാസിന്റെ പ്രസ്താവനയ്ക്ക് പൂര്‍ണ പിന്തുണ അറിയിച്ച് സിപിഎം നേരത്തെ രംഗത്തെത്തിയിരുന്നു. മന്ത്രി പറഞ്ഞത് സര്‍ക്കാരിന്റെ നിലപാടാണെന്നും അദ്ദേഹത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍ പറഞ്ഞിരുന്നു.
‘കരാറുകാരെകൂട്ടി, അല്ലെങ്കില്‍ കരാറുകാര്‍ എംഎല്‍എമാരുടെ ശുപാര്‍ശയുമായി മന്ത്രിയുടെ അടുത്ത് വരുന്ന ഒരു സ്ഥിതി ഉണ്ടാകാന്‍ പാടില്ല. അങ്ങനെ വന്നാല്‍ അത് ഭാവിയില്‍ പല രീതിയിലും ദോഷത്തിന് കാരണമാകും’ എന്നാണ് പൊതുമരാമത്ത് മന്ത്രി നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞത്.
വിഷയം വിവാദമായപ്പോള്‍ താന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു. നിയമസഭയില്‍ നല്ല ബോധ്യത്തോടെയാണ് ഇക്കാര്യം പറഞ്ഞതെന്നും പറഞ്ഞ കാര്യത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.