തിരുവനന്തപുരം : ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അധര്‍മ്മങ്ങള്‍ക്കെതിരായ ധര്‍മ്മ പുനസ്ഥാപനത്തിന്റെ പ്രതീകമായാണ് ഭക്തജന സമൂഹം ശ്രീകൃഷ്ണസങ്കല്‍പ്പത്തെ കാണുന്നത്. എല്ലാവിധ അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ എന്നും മുഖ്യന്ത്രി ആശംസിച്ചു. കരുണയുടെയും കരുതലിന്റെയും പ്രതീകം കൂടിയാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ ഭക്ത ജനതിരക്കായിരുന്നു അനുഭവപ്പെട്ടത്. ഇന്നലെ അര്‍ധരാത്രി മുതല്‍ ദര്‍ശനത്തിനായി ആയിരക്കണക്കിന് ആളുകള്‍ ക്ഷേത്രത്തില്‍ എത്തി. ഉറിയടിയും ശോഭ യാത്രയും ഉള്‍പ്പടെയുള്ള പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടന്നു. പുലര്‍ച്ചെ നാലു മണി മുതല്‍ ഗുരുവായൂര്‍ക്ഷേത്രത്തില്‍ ദര്‍ശനം ആരംഭിച്ചു. കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി ഭക്തര്‍ ഇന്നലെ മുതല്‍ തന്നെ ക്ഷേത്രത്തില്‍ എത്തിയിരുന്നു.
മുപ്പതിനായിരം പേര്‍ക്ക് ക്ഷേത്രത്തില്‍ പിറന്നാള്‍ സദ്യയും ഒരുക്കിയിരുന്നു. ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരപ്പന്റെ സ്വര്‍ണ്ണക്കോലം ബാലകൃഷ്ണന്‍ എന്ന മോഴ ആനയാണ് എഴുന്നള്ളിച്ചത്. ആഘോഷ പരിപാടികളുടെ ഭാഗമായി സമീപ ക്ഷേത്രങ്ങളിലും പൗര സമിതികളുടെ നേതൃത്വത്തിലും ശോഭ യാത്രകള്‍, കലാപരിപാടികള്‍ എന്നിവയും നടന്നു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്…
അധര്‍മ്മങ്ങള്‍ക്കെതിരായ ധര്‍മ്മ പുനസ്ഥാപനത്തിന്റെ പ്രതീകമായാണ് ഭക്തജന സമൂഹം ശ്രീകൃഷ്ണസങ്കല്‍പ്പത്തെ കാണുന്നത്. കരുണയുടെയും കരുതലിന്റെയും പ്രതീകം കൂടിയാണത്. ഈ ശ്രീകൃഷ്ണ ജയന്തി നാള്‍ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം സമൂഹത്തിലാകെ നിറഞ്ഞു പരക്കാനുള്ള സന്ദേശം ഉറപ്പിക്കുന്നതാകട്ടെ. എല്ലാവിധ അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ. എല്ലാവര്‍ക്കും ആശംസകള്‍.