കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് (സിഎംഎഫ്ആർഐ) കീഴിലുള്ള ലക്ഷദ്വീപ് കൃഷി വിജ്ഞാന കേന്ദ്രത്തെ രാജ്യത്തെ ഏറ്റവും മികച്ച കെവികെയായി തിരഞ്ഞെടുത്തു. ലക്ഷദ്വീപിന് ഓർഗാനിക് ടെറിടറി പദവി നേടിയെടുക്കാനുള്ള പ്രവർത്തനങ്ങൾ, കടൽപായൽ കൃഷി, കൂടുകൃഷി, പഴം-പച്ചക്കറി കൃഷി പ്രോത്സാഹനം തുടങ്ങിയവയാണ് കെവികെയെ നാഷണൽ അക്കാദമി ഓഫ് അഗ്രികൾച്ചറൽ സയൻസസ് (നാസ്)- ധനുക പുരസ്‌കാരത്തിന് അർഹമാക്കിയത്. ലക്ഷദ്വീപ് കൃഷിവകുപ്പുമായി സഹകരിച്ച് 10 ദ്വീപുകളിലായി കർഷകരെ ജൈവകൃഷി രീതികൾ സ്വീകരിക്കുന്നതിനുള്ള കെവികെയുടെ നടപടികളെ തുടർന്ന് 2021ൽ കേന്ദ്ര സർക്കാർ ലക്ഷദ്വീപിനെ ജൈവ പ്രദേശമായി പ്രഖ്യാപിച്ചിരുന്നു.
സിഎംഎഫ്ആർഐയുടെ തദ്ദേശീയ സാങ്കേതികവിദ്യ ജനകീയമാക്കി ദ്വീപിൽ കടൽപായൽ കൃഷി പ്രോത്സാഹിപ്പിച്ചതും അംഗീകാരം നേടാൻ വഴിയൊരുക്കി. നാളികേര വികസനം, മത്സ്യക്കൃഷി എന്നീ മേഖലകളിൽ ദ്വീപുവാസികളുടെ ജീവിതനിലവാരം ഉയർത്താൻ സഹായകരമായ പദ്ധതികൾ പുരസ്‌കാര നേട്ടത്തിൽ നിർണായകമായി. ‘ഫ്രണ്ട്‌സ് ഓഫ് കോക്കനട്ട്’എന്ന പേരിൽ നാളികേര വികസന രംഗത്ത് നൈപുണ്യ വികസന പരിപാടികൾ നടപ്പിലാക്കി. ഇതുവഴി ദ്വീപുവാസികൾക്കിടയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി.
കവരത്തിയിൽ സ്ഥാപിച്ച സമുദ്ര അലങ്കാര മത്സ്യഹാച്ചറി മത്സ്യകൃഷിയുടെ വളർച്ചക്ക് ഗുണകരമായി. സിഎംഎഫ്ആർഐയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് ദ്വീപിൽ കൂടുമത്സ്യ കൃഷി വ്യാപിപ്പിച്ചതിലൂടെ മത്സ്യത്തൊഴിലാളികൾക്ക് ബദൽ ഉപജീവനമൊരുക്കാനായി. സി.എം.എഫ്.ആർ.ഐ.യുടെ ട്രൈബൽ സബ് പ്ലാൻ പദ്ധതിയുടെ പിന്തുണയോടെ എല്ലാ വർഷവും ഏകദേശം 2000 വീടുകളിൽ പച്ചക്കറി, പഴ കൃഷി പ്രോത്സാഹിപ്പിച്ചു. കർഷകർക്ക് നിർണായക കാലാവസ്ഥാ വിവരങ്ങൾ നൽകുന്നതിനും കാർഷിക ആസൂത്രണത്തിനും ഓട്ടൊമാറ്റിക് വെതർ സ്‌റ്റേഷൻ സ്ഥാപിച്ചു. ലക്ഷദ്വീപ് കെവികെ മേധാവി ഡോ. പി എൻ ആനന്ദിന്റെ നേതൃത്വത്തിലാണ് കാർഷിക വ്യാപന പരിപാടികൾ നടന്നുവരുന്നത്.