പത്തനംതിട്ട : ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസ്കാര ചടങ്ങിൽ സ്ഥലം എംഎൽഎയും മന്ത്രിയുമായ വീണ ജോർജ് എത്താത്തത് സംബന്ധിച്ച വിവാദവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ടൗൺ ജമാഅത്തിനെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശം പിൻവലിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജസ്റ്റിസ് ഫാത്തിമ ബീവിയുടെ മൃതദേഹത്തോട് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അവഗണന കാണിച്ചു എന്നത് യാഥാർത്ഥ്യമാണ്. കേന്ദ്രസർക്കാരിൽ നിന്ന് ഇത്തരം സമീപനങ്ങൾ പ്രതീക്ഷിക്കാമെങ്കിലും ഇടതു സർക്കാരിൽ നിന്ന് മതനിരപേക്ഷ കേരളം ഇത് പ്രതീക്ഷിച്ചതല്ല. രാജ്യത്തിന്റെ വിവിധ മേഖലകളിൽ സേവനം ചെയ്ത മഹാ പ്രതിഭ യായിരുന്നു അന്തരിച്ച ജസ്റ്റിസ് ഫാത്തിമ ബീവി. അവർക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ല എന്ന യാഥാർത്ഥ്യം പത്തനംതിട്ട ജമാഅത്ത് ഭാരവാഹികളോ ഇമാമോ തുറന്നു പറയുന്നത് ഒരു അപരാധമല്ല. മറിച്ച് ജനാധിപത്യ അവകാശമാണ്.
ഈ അവകാശത്തെയാണ് മറ്റു ചില ലക്ഷ്യങ്ങൾ വെച്ച് വിവാദമുണ്ടാക്കുന്നു എന്ന തരത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചത്. ഇത്തരമൊരു പ്രതികരണം അല്ല മുഖ്യമന്ത്രിയിൽനിന്ന് ജനം പ്രതീക്ഷിക്കുന്നതെന്നും പ്രസ്താവന പിൻവലിച്ച് സമുദായത്തോട് മാപ്പ് പറയാൻ മുഖ്യമന്ത്രി മാന്യത കാണിക്കണമെന്നും ജമാഅത്ത് ഫെഡറേഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് യൂസഫ് മോളൂട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എച്ച് അബ്ദുൽ റസാഖ്, രക്ഷാധികാരി സി എച്ച് സൈനുദ്ദീൻ മൗലവി, എം എച്ച് അബ്ദുൽ റഹീം മൗലവി, ട്രഷറർ രാജാക്കരീം, സാലി നാരങ്ങാനം, ഷാജി പന്തളം, അൻസാരി ഏനാത്ത്, അബ്ദുൽ ലത്തീഫ് മൗലവി, റാസി മൗലവി എന്നിവർ പങ്കെടുത്തു.