റാന്നി: നാടിനെ ഫല വൃക്ഷ സമൃദ്ധമാക്കാൻ വിത്തുണ്ടകളുമായി(സീഡ്ബാള്‍ ) എണ്ണൂറാം വയൽ സി എം എസ് സ്കൂൾ. നാടിനെ ഫല വൃക്ഷ സമൃദ്ധമാക്കാനുള്ള പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ വെച്ചൂച്ചിറ എണ്ണൂറാം വയൽ സി എം എസ് എൽ പി സ്കൂളിൽ തുടക്കമായി. ഇതിനായി 1000 വിത്തുണ്ടാകളാണ് കുട്ടികളുടെ നേതൃത്വത്തിൽ തയ്യാറാക്കി പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിക്ഷേപിക്കുക. മാവ്, പ്ലാവ്, പേര, ചാമ്പ, ആത്ത,പുളി, തുടങ്ങി നാട്ടിൽ വളരുന്ന ഫല വൃക്ഷങ്ങളുടെ വിത്തുകളാണ് വിത്തുണ്ടയിൽ ഉണ്ടാകുക. സ്യൂഡോമോണസ് ലായനയിൽ ഒരു ദിവസം പരിചരിച്ച വിത്തുകൾ ചാണകപ്പൊടി വേപ്പിൻ പിണ്ണാക്ക്, മണ്ണ് എന്നിവ കുഴച്ചടുത്ത ബോളുകൾക്കുള്ളിലാക്കി സൂക്ഷിക്കും.
സൂര്യ പ്രകാശം ലഭിക്കുന്ന സ്ഥലത്ത് ഒരാഴ്ച സൂക്ഷിക്കുന്ന വിത്തുണ്ടകൾ അനുയോജ്യമായ സ്ഥലങ്ങളിൽ നിക്ഷേപിക്കും. വിത്തുകൾ നടാൻ പ്രത്യേകം കുഴികളൊന്നും ഒരുക്കേണ്ട ആവശ്യം വരുന്നില്ല എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. വിത്തുണ്ടകളുടെ വിതരണവും കൃഷി ഭവന്റെ പഞ്ചായത്ത് തല പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഉദ്ഘാടനവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ. വി. വർക്കി നിർവഹിച്ചു. വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അധ്യക്ഷത വഹിച്ചു. സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ പരിസ്ഥിതി ദിന സന്ദേശം നൽകി. കൃഷി ഓഫീസർ വി. എച്ച് നീമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാലയ പച്ചക്കറിത്തോട്ടത്തിന്റെ നിർമ്മാണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് അംഗം ഷാജി കൈപ്പുഴ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ, റെസി ജോഷി, പ്രസന്ന കുമാരി, പി ടി എ പ്രസിഡന്റ് ഷൈനു ചാക്കോ, അലീന ജോൺ, ആർസൂ സൂസൻ ജോർജ്, നഥാൻ റെസ്‌ലിൻ എന്നിവർ പ്രസംഗിച്ചു