പത്തനംതിട്ട: പിണറായി ഭരണത്തിൻറെ തണലിൽ പത്തനംതിട്ട ജില്ലയിൽ നടന്ന സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പുകളിലെല്ലാം സി. പി എം ആയിരക്കണക്കിന് ആളുകളെ ഇറക്കി കള്ളവോട്ട് ചെയ്ത് ബാങ്ക് പിടിച്ചടക്കിയത് നിമിത്തം ജില്ലയിലെ സഹകരണ ബാങ്കുകളെല്ലാം തകർച്ചയുടെ വക്കിലാണെന്ന് യു ഡി എഫ് ജില്ലാ ചെയർമാനും കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റുമായ അഡ്വ. വർഗ്ഗീസ് മാമ്മൻ പറഞ്ഞു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അർബൻ ബാങ്കായ തിരുവല്ല ഈസ്റ്റ് കോഓപ്പറേറ്റിവ് ബാങ്ക് ഭരണം പിടച്ചെടുത്തതിലൂടി തുടങ്ങിയ സി പിഎമ്മിൻറെ സഹകരണ വേട്ടയാടൽ ഇന്ന് തുമ്പമൺ ബാങ്ക് വരെ എത്തിയിരിക്കുകയാണ്. ഏറ്റവും ഉന്നത നിലവാരത്തിൽ പ്രവർത്തിച്ച ഈസ്റ്റ് കോ ഓപ്പറേറ്റിവ് ബാങ്ക് മുതൽ താഴോട്ട് സി പിഎം പിടിച്ചെടുത്ത എല്ലാ ബാങ്കുകളും ഇന്ന് തകർച്ചയുടെ വക്കിലാണ്.
റിസർവ്വ് ബാങ്കിൻറെ കടുത്ത നിരീക്ഷണത്തിലും അന്ത്യശാസനത്തിലുമാണ് ഈ ബാങ്കുകളുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. ഈ ബാങ്കുകളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ചെല്ലാം കേരളാ ഹൈക്കോടതിയിൽ കേസുകൾ നിലനിൽക്കുകയാണ്. ജനങ്ങൾക്ക് ജില്ലയിൽ സഹകരണ മേഖലയോടുള്ള വിശ്വാസം തന്നെ സി പിഎം തകർത്തിരിക്കുകയാണ്. സി.പിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടു കൂടി അവർ പരിശീലനം നൽകുന്ന ഗുണ്ടകളുടെ ഒരു ടീമാണ് സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പുകളിലുടനീളം ഗുണ്ടാവിളയാട്ടം നടത്തുന്നത്. ഈ കാര്യത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിച്ചില്ലെങ്കിൽ സഹകരണ മേഖലയുടെ തകർച്ചയുടെ ഉത്തരവാദിത്വം ഇടതുമുന്നണിക്ക് മാത്രമായിരിക്കുമെന്നുംര അഡ്വ. വർഗ്ഗീസ് മാമ്മൻ പറഞ്ഞു. തുമ്പമൺ സർവ്വീസ് ബാങ്ക് തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ അക്രമം നടത്തിയ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും അഡ്വ. വർഗ്ഗീസ് മാമ്മൻ ആവശ്യപ്പെട്ടു.