പത്തനംതിട്ട : മുൻകരുതൽ നിർദേശങ്ങളൊന്നും വിമാനത്താവളത്തിൽ കിട്ടിയിരുന്നില്ലെന്ന റാന്നിയിലെ കൊവിഡ് ബാധിത കുടുംബത്തിന്റെ വാദം തെറ്റാണെന്ന് സഹയാത്രികൻ. ഇറ്റലിയിൽ നിന്നെത്തിയ രോഗബാധിതർക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്ത ശേഷം ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്ന ജേക്കബ് റോഡ്രിഗസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എല്ലാ മുൻകരുതൽ നിർദേശങ്ങളും വിമാനത്താവളത്തിൽ തന്നെ നൽകിയിരുന്നതായി റോഡ്രിഗസ് പറഞ്ഞു.
രോഗസാധ്യതയും ലക്ഷണങ്ങളും ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചിരുന്നു എന്ന റാന്നി സ്വദേശികളുടെ അവകാശവാദം പത്തനംതിട്ട ജില്ലാ കളക്ടറും നിഷേധിച്ചിരുന്നു. 29 ന് കൊച്ചി വിമാനമിറങ്ങി അടുത്ത ആറിന് തൊട്ടടുത്ത് താമസിക്കുന്ന അടുത്ത ബന്ധുവിന് രോഗബാധ സ്ഥിരീകരിക്കും വരെ ആരോഗ്യ പ്രവര്‍ത്തകരെയോ ജില്ലാ ഭരണകൂടത്തേയോ യാത്രാ വിവരം പോലും അറിയിച്ചിരുന്നില്ല. അടുത്ത ബന്ധുവിന് രോഗലക്ഷണങ്ങൾ സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ അന്വേഷണങ്ങളുമായി വീട്ടിലെത്തുന്നതെന്ന് കളക്ടര്‍ പറയുന്നു.
അതേസമയം ആരോഗ്യ പ്രവര്‍ത്തകരുമായി പൂര്‍ണ്ണമായും സഹകരിച്ചെന്നാണ് രോഗം സ്ഥിരീകരിച്ച കുടുംബം പറയുന്നത്. തനിക്ക് പനിയോ രോഗലക്ഷണങ്ങളോ ഉണ്ടായിരുന്നില്ല. ഇറ്റലിയിൽ നിന്നാണെന്ന വിവരം വിമാനത്താവള ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. വിവാഹ ചടങ്ങിൽ പങ്കെടുത്തിട്ടില്ലെന്നും ഷോപ്പിംഗ് മാളിൽ പോയിട്ടുണ്ടെന്നും യുവാവ് പ്രതികരിച്ചു. നിർബന്ധിച്ചാണ് ആശുപത്രിയിലേക്ക് വന്നതെന്ന ആരോഗ്യവകുപ്പിന്റെ വാദം തെറ്റാണെന്നും യുവാവ് വിശദമാക്കി.