കൊച്ചി: പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ കപ്പലില്‍ നിന്നും പരന്ന എണ്ണപ്പാട നീക്കാന്‍ കോസ്റ്റ്ഗാർഡ് പരിശ്രമം തുടരുകയാണ്. തീരങ്ങളിൽ അടിഞ്ഞ കണ്ടെയ്നറുകൾ എത്രയും വേഗം നീക്കം ചെയ്യാനാണ് തീരുമാനം. കപ്പലിന്‍റെ അഞ്ച് കിലോമീറ്റർ പരിധിയിലാണ് എണ്ണ വ്യാപിച്ചിട്ടുള്ളത്. എണ്ണ നീക്കാനുള്ള പരിശ്രമം ഒരു മാസം തുടരേണ്ടി വരുമെന്നാണ് സമുദ്ര വ്യാപാര വകുപ്പിന്‍റെ വിലയിരുത്തല്‍. മലിനീകരണ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കൊച്ചിയില്‍ പ്രത്യേക സംഘവും പ്രവർത്തിക്കുന്നുണ്ട്. ഇതിനകം തീരത്തടിഞ്ഞ അമ്പത് കണ്ടെയ്നറുകള്‍ നീക്കാനും തീരപ്രദേശം ശുചീകരിക്കാനുമായി 108 പേരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
തീരത്തടിഞ്ഞ 50 കണ്ടെയ്നറുകള്‍ രണ്ട് ദിവസത്തിനകം പൂർണമായും നീക്കും. റോഡ് മാർഗമാണ് കണ്ടെയ്നറുകൾ നീക്കം ചെയ്യുന്നത്. കൊല്ലം ശക്തികുളങ്ങര, ചെറിയഴീക്കൽ, പരിമണം തീരങ്ങളിലെ കണ്ടെയ്നറുകൾ ക്രെയിൻ ഉപയോഗിച്ച് കരയ്ക്ക് കയറ്റിയ ശേഷം മുറിച്ചു ചെറിയ കഷണങ്ങളാക്കി ലോറിയിലാണ് തുറമുഖത്തേക്ക് മാറ്റുന്നത്. മലിനീകരണ നിയന്ത്രണ ബോർഡ്, സിവിൽ ഡിഫൻസ് എന്നിവയുടെ സഹായത്തോടെ കരയ്ക്ക് അടിഞ്ഞ വസ്തുക്കളും നീക്കം ചെയ്യുന്നുണ്ട്. വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട ചരക്കുകപ്പല്‍ ഈ മാസം 25നാണ് കൊച്ചി പുറംകടലില്‍ മുങ്ങിയത്.