തിരുവനന്തപുരം : തിരുവനന്തപുരം അഞ്ചുതെങ്ങ് തീരത്ത് അപകടങ്ങൾ തുടർക്കഥയാകുമ്പോൾ കോസ്റ്റൽ പോലീസിന്റെ റസ്ക്യൂ ബോട്ട് കട്ടപ്പുറത്ത്. മത്സ്യതൊഴിലാളികൾ അപകടങ്ങളിൽപ്പെടുമ്പോൾ മത്സ്യബന്ധന ബോട്ടുകളുടെ സഹായത്തോടെ കോസ്റ്റൽ പൊലീസ് രക്ഷാപ്രവർത്തനം നടത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മുതലപ്പൊഴി അഴിമുഖത്തുണ്ടായത് ആറ് അപകടങ്ങൾ. 15 മത്സ്യതൊഴിലാളികളെയാണ് രക്ഷിച്ചത്. ഇത്തരം ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് എത്തേണ്ട കോസ്റ്റൽ പൊലീസിന്റെ റസ്ക്യൂ ബോട്ട് ആകട്ടെ കട്ടപ്പുറത്താണ്. ലക്ഷങ്ങൾ ചെലവഴിച്ച് അറ്റക്കുറ്റപ്പണി നടത്തി തിരികെ എത്തിച്ച ബോട്ടാണ് എൻജിൻ തകരാർ മൂലം വീണ്ടും കട്ടപ്പുറത്തേറിയത്.
കൃത്യസമയത്ത് എൻജിൻ ഓയിൽ മാറ്റാത്തതാണ് തകരാറിന് കാരണമെന്ന് പറയപ്പെടുന്നു. അറ്റക്കുറ്റപ്പണി നടത്താനുള്ള കരാർ കൊച്ചി ഷിപ്പ് യാർഡിനാണ്. ഇതിന്റെ കരാർ കാലാവധി തീർന്നതും പ്രതിസന്ധിക്ക് കാരണമായി കോസ്റ്റൽ ഡിപ്പാർട്ട്മെന്റ് സൂചിപ്പിക്കുന്നു. അഴിമുഖ ചാൽ മണൽ മൂടിയതോടെ മേഖലയിൽ മറൈൻ എൻഫോഴ്സ്മെന്റിന്റെ ബോട്ടിന് സർവീസ് നടത്താനാവില്ല. ചുരുക്കത്തിൽ മത്സ്യതൊഴിലാളികൾ രക്ഷയ്ക്കെത്താൻ മത്സ്യബന്ധന ബോട്ടുകൾ തന്നെയാണ് മുതലപ്പൊഴികാർക്ക് ശരണം.