കൊച്ചി : കപ്പൽ നിർമാണശാലയിൽ നിർമാണത്തിലുള്ള ഐഎൻഎസ് വിക്രാന്ത് തകർക്കുമെന്ന ഭീഷണി ഇമെയിൽ സന്ദേശങ്ങൾ വന്ന സംഭവത്തിൽ ആദ്യം ലഭിച്ചത് പണം ബിറ്റ്കോയിനുകളായി നൽകണമെന്ന അപേക്ഷ. തന്റെ കുടുംബം തീവ്രവാദികളുടെ പിടിയിലാണെന്നും രക്ഷിക്കുന്നതിന് രണ്ടര ലക്ഷം യുഎസ് ഡോളർ നൽകണമെന്നുമായിരുന്നു ആവശ്യം. ഓഗസ്റ്റ് 24നാണ് കപ്പൽശാലയിലേയ്ക്ക് ആദ്യ ഇമെയിൽ എത്തുന്നത്. പണം നൽകിയില്ലെങ്കിൽ അവർ കുടുംബത്തെ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുന്നു എന്നതായിരുന്നു സന്ദേശം.
ബിറ്റ് കോയിൻ ട്രാൻസ്ഫർ ചെയ്യേണ്ട വിലാസം സഹിതമായിരുന്നു മെയിൽ. സ്വകാര്യ മെയിലുകൾ അയയ്ക്കുന്നതിന് ഉപയോഗിക്കുന്ന ആപ് ഉപയോഗിച്ചായിരുന്നു ഇമെയിലുകൾ. ഈ വിലാസത്തിലേയ്ക്കു ഫിഷിങ് ലിങ്ക് കൊടുത്ത് ഉറവിടം കണ്ടെത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ ശ്രമം. ഇതു പരാജയപ്പെട്ടു എന്നു മാത്രമല്ല ഉദ്യോഗസ്ഥരുടെ വിലാസങ്ങളിലേയ്ക്ക് ഉൾപ്പെടെ ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നതാണ് പിന്നെ കണ്ടത്.
പണം തന്നില്ലെങ്കിൽ കപ്പലിനു ബോംബിടേണ്ടി വരും, കപ്പൽ ശാലയിലെ ഇന്ന സ്ഥലം ബോംബു വെച്ചു തകർക്കും എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു തുടർ മെയിലുകളിലെ ഭീഷണി. തനിക്കു ബോംബു വയ്ക്കേണ്ടി വരും, എന്നെക്കൊണ്ട് ചെയ്യിക്കരുത്, ഞാൻ അതെങ്ങനെ ചെയ്യും എന്നെല്ലാമുള്ള കൽപനകളായിരുന്നു പിന്നീടു വന്ന മെയിലുകളിലുള്ളത്. ഇതോടെ മറുപടി മെയിൽ അയയ്ക്കുന്നത് അന്വേഷണ സംഘം നിർത്തി.
അതീവ സുരക്ഷ വാഗ്ദാനം ചെയ്യുന്ന ഇമെയിൽ ആപ്പാണ് പ്രതി ഉപയോഗിച്ചിരിക്കുന്നത് എന്നതാണ് ഈ വിഷയത്തിൽ അന്വേഷണ സംഘത്തിന് തലവേദനയാകുന്നത്. പ്രതിയിലേക്ക് എത്തിയെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും അറിയിച്ചെങ്കിലും പോലീസ് പിന്നീട് ഇതിൽനിന്നു പിൻമാറി. കപ്പൽശാലയിലെ ജീവനക്കാർ ആരെങ്കിലുമാകാം ഇമെയിൽ അയച്ചത് എന്ന സംശയം വന്നതോടെ ചിലരെ ചോദ്യം ചെയ്തെങ്കിലും ബന്ധമില്ലെന്നു കണ്ടെത്തി വിട്ടയയ്ക്കുകയായിരുന്നു.
ഇതോടെ പ്രതിക്കായി ഇരുട്ടിൽ തപ്പുന്ന അവസ്ഥയിലാണ് കൊച്ചി പോലീസ്. ഇമെയിൽ അയച്ച ആപ്പിന്റെ വിവരങ്ങൾ സർക്കാരുകൾക്കു പോലും നൽകില്ലെന്നാണ് കമ്പനിയുടെ വാഗ്ദാനം. ഇതുവഴി അയയ്ക്കുന്ന മെയിലുകളിലേയ്ക്കു നടത്തുന്ന പരിശോധനകൾ പലപ്പോഴും ഉസ്ബെക്കിസ്ഥാനിലോ കസഖ്സ്ഥാനിലോ ഒക്കെ ചെന്ന് അവസാനിക്കുന്നതാണ് പതിവെന്ന് ഈ മേഖലയിലെ വിദഗ്ധർ വെളിപ്പെടുത്തുന്നു.
ഈ ഐപികളിലുള്ളവർക്കാകട്ടെ സംഭവവുമായി ഒരു ബന്ധവും ഉണ്ടാകണമെന്നുമില്ല. അതുകൊണ്ടുതന്നെ തീവ്രവാദികൾ ഉൾപ്പെടെ ഉപയോഗിക്കുന്നതും ഇതേ മെയിൽ സംവിധാനമാണ്. ബിറ്റ് കോയിനുകളിലേയ്ക്ക് അന്വേഷണം നടത്തിയാലും സാധാരണ നിലയിൽ അക്കൗണ്ട് ഉടമകളിലേയ്ക്ക് എത്തുക അപ്രായോഗികമാണെന്നും വിദഗ്ധർ പറയുന്നു.