കൊക്കാത്തോട് : കുരങ്ങിന് പിന്നാലെ മലയണ്ണാന്റെ ശല്യവും വർധിച്ചതോടെ കേര കർഷകർ ദുരിതത്തിൽ. മേഖലയിൽ കുരങ്ങിന്റെ ശല്യം കാരണം കേര കർഷകർ പൊറുതിമുട്ടുമ്പോഴാണ് മലയണ്ണാന്റെയും ശല്യം രൂക്ഷമായത്. കൂട്ടമായെത്തുന്ന കുരങ്ങ് തെങ്ങിൽ നിന്ന് വെള്ളയ്ക്ക ഉൾപ്പെടെ പൊഴിച്ചുകളയും. ശബ്ദമുണ്ടാക്കി ഇവയെ ഓടിച്ചാലും വൈകാതെ മടങ്ങിയെത്തി നശിപ്പിക്കും. ഒരു വർഷത്തിലേറെയായി പ്രദേശത്ത് മലയണ്ണാന്റെ ശല്യമുണ്ട്. ഇവ പെരുകിയതോടെ അടുത്ത കാലത്തായി വിളനാശം രൂക്ഷമായിട്ടുണ്ട്. നീരാമക്കുളം, അപ്പൂപ്പൻതോട് പ്രദേശങ്ങളിലാണ് മലയണ്ണാന്റെ ശല്യം ഏറെയുള്ളത്. സമീപ ഭാഗങ്ങളിലെ മരത്തിൽ നിന്ന് തെങ്ങിൻ മുകളിലേക്ക് ചാടിയെത്തുന്ന മലയണ്ണാൻ കുലകൾക്കിടയിൽ പതുങ്ങിയിരുന്ന് തേങ്ങ തുരന്ന് തിന്നും. ഒരു മാസം കഴിയുമ്പോഴാകും മലയണ്ണാൻ നശിപ്പിച്ച തേങ്ങ പൊഴിഞ്ഞുവീഴുന്നത്.
കഴിഞ്ഞ ദിവസം നീരാമക്കുളം കിടങ്ങിൽ വി.ജെ.ജോസഫിന്റെ പറമ്പിൽ തേങ്ങയിടാൻ ആളെത്തിയപ്പോഴാണ് നഷ്ടം മനസ്സിലാകുന്നത്. കായ്ഫലമുള്ള 15 മൂട് തെങ്ങിൽ നിന്ന് 3 മാസം കൂടുമ്പോൾ 350 തേങ്ങ ലഭിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം കുല വെട്ടിയിറക്കിയപ്പോൾ 45 തേങ്ങയാണ് കിട്ടിയത്. 10 തേങ്ങയുള്ള ഒരു കുലയിലെ 9 തേങ്ങയും മലയണ്ണാൻ തുരന്ന് നശിപ്പിച്ചതായി വി.ജെ.ജോസഫ് പറഞ്ഞു.കാട്ടാനയും മ്ലാവും കുരങ്ങും മലയണ്ണാനും ഉൾപ്പെടെയുള്ളവയുടെ ശല്യം കാരണം കൃഷിയിറക്കാൻ കർഷകനും വിളവെടുക്കാൻ കാട്ടുമൃഗങ്ങളും എന്ന സ്ഥിതി വന്നതോടെ കർഷകർ കൃഷി ഉപേക്ഷിച്ചുതുടങ്ങി.