കോഴിക്കോട് : നാളികേര കര്‍ഷകരെ സംരക്ഷിക്കാനായി സംസ്ഥാന നാളികേര വികസന കോര്‍പറേഷന്‍ കര്‍ഷകരില്‍ നിന്ന് അധിക വിലയ്ക്ക് നാളികേരം സംഭരിക്കുന്നു. കൃഷി മന്ത്രി പി.പ്രസാദ് വേങ്ങേരി കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തില്‍ സംസ്ഥാനതല സംഭരണം ഉദ്ഘാടനം ചെയ്യും. 10 ലക്ഷം നാളികേരമെങ്കിലും ആദ്യഘട്ടത്തില്‍ സംഭരിക്കാനാണ് ലക്ഷ്യമിടുന്നത്.
കര്‍ഷകരില്‍ നിന്ന് നേരിട്ട് മാര്‍ക്കറ്റ് വിലയേക്കാള്‍ ഒരു രൂപ അധികം നല്‍കിയാണ് വാങ്ങുക. ഇത് വേങ്ങേരിയില്‍ വച്ചു തന്നെ കൊപ്രയാക്കി വൈവിധ്യമാര്‍ന്ന മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കും. കേരളത്തിലെ 45 ലക്ഷം നാളികേര കര്‍ഷകരിലേക്കും പദ്ധതിയുടെ ഗുണമെത്തിക്കും. ആറ്റിങ്ങലിലെ മാമത്ത് 30 മെട്രിക്ടണ്‍ (പ്രതിദിനം 20,000 ലിറ്റര്‍ വെളിച്ചെണ) ശേഷിയുള്ള 2 മില്ലുകള്‍ ആരംഭിച്ചു.1000 ലിറ്റര്‍ ശേഷിയുള്ള വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ പ്ലാന്റും തുടങ്ങി. ആറളത്ത് നീരയും കോഴിക്കോട് കേര കേശാമൃതം കോക്കനട്ട് ഓയിലും വിപണിയിലിറക്കും. ഡബിള്‍ റിഫൈന്‍ഡ് റോസ്റ്റഡ് വെളിച്ചെണ്ണ ആറ്റിങ്ങലിലും കോഴിക്കോട്ടും ഉല്‍പ്പാദനം ആരംഭിച്ചു.