പത്തനംതിട്ട : പതിനെട്ട് തവണ തുടര്‍ച്ചയായി മല ചവിട്ടി സന്നിധാനത്തെത്തുന്നവര്‍ അയ്യപ്പന് തെങ്ങിന്‍ തൈ സമര്‍പ്പിക്കുന്നത് ശബരിമലയിലെ സവിശേഷമായ ആചാരങ്ങളിലൊന്നാണ്. 18 തവണ മല ചവിട്ടുന്നയാള്‍ പിന്നീട് ഗുരുസ്വാമിയാണ്. ഗുരുസ്വാമിയായ തീര്‍ഥാടകന്‍ സന്നിധാനത്ത് തെങ്ങിന്‍ തൈ നടണം. സന്നിധാനത്തിന് പടിഞ്ഞാറുള്ള ഭസ്മക്കുളത്തിന് സമീപമാണ് തെങ്ങിന്‍ തൈ നടുന്നത്.
പതിനെട്ടാം പടി കയറി അയ്യപ്പനെ ദര്‍ശിച്ച ശേഷമാണ് തെങ്ങിന്‍ തൈ നടുക. 36 വര്‍ഷം തുടര്‍ച്ചയായി മലകയറുന്ന അയ്യപ്പന്‍മാര്‍ വീണ്ടും ഒരു തെങ്ങിന്‍ തൈ കൂടി അയ്യപ്പന് സമര്‍പ്പിക്കാറുണ്ട്. കര്‍പ്പൂരമുഴിഞ്ഞ് പൂജിച്ച ശേഷമാണ് തൈ നടുക. കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകരും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരും ഒരു പോലെ ഈ ആചാരം മുടങ്ങാതെ പാലിക്കുന്നുണ്ട്.