ന്യൂഡല്‍ഹി: കാറുകളില്‍ ഡ്രൈവറെ കൂടാതെ, മുന്‍സീറ്റ് യാത്രികനും എയര്‍ബാഗ് നിര്‍ബന്ധമാക്കാനുള്ള നടപടികള്‍ ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ടുള്ള കരട് വിജ്ഞാപനം കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അധികം വൈകാതെ പുറത്തിറക്കുമെന്നാണ് ലഭ്യമായ വിവരങ്ങള്‍.
നിലവില്‍ മുന്‍സീറ്റ് യാത്രികനുള്ള എയര്‍ ബാഗിനെ അനിവാര്യതയ്ക്ക് പകരം ആഡംബരമായാണ് പല വാഹന നിര്‍മാതാക്കളും കണക്കാക്കുന്നത്. യാത്രാവാഹന ഡ്രൈവര്‍മാര്‍ക്കുള്ള എയര്‍ബാഗ് ഇന്ത്യയില്‍ നിര്‍ബന്ധമാക്കിയത് കഴിഞ്ഞ വര്‍ഷമാണ്. എന്നാല്‍, വാഹന വ്യവസായത്തിന് നിഷ്കര്‍ഷിക്കുന്ന മാനദണ്ഡമയ എഐഎസ് പ്രകാരം നിര്‍ബന്ധമാക്കിയ സുരക്ഷാ ഉപകരണങ്ങളില്‍ ഡ്രൈവറുടെ ഭാഗത്തെ എയര്‍ബാഗ് മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്. അതിനാല്‍ ചില വാഹന നിര്‍മാതാക്കള്‍ മുന്‍ സീറ്റ് യാത്രികര്‍ക്കുള്ള എയര്‍ബാഗ് ഒഴിവാക്കുകയായിരുന്നു.
ഈ പ്രവണത ഏറ്റവും കൂടുതലായി കാണുന്നത് വിലയുടെ കാര്യത്തില്‍ കടുത്ത മത്സരം നിലനില്‍ക്കുന്ന ബജറ്റ് ഹാച്ച്‌ബാക്ക് വിഭാഗത്തിലാണ്. ഓപ്ഷണല്‍ വ്യവസ്ഥയില്‍ മാത്രമാണ് ഈ വിഭാഗത്തില്‍ മുന്‍സീറ്റ് യാത്രികര്‍ക്കുള്ള എയര്‍ബാഗ് ലഭ്യമാകുന്നത്. അതിനാല്‍, കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി എഐഎസില്‍ ഭേദഗതിവരുത്തി എല്ലാ യാത്ര വാഹനങ്ങളിലും എയര്‍ബാഗ് നിര്‍ബന്ധമാക്കാനാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്‍റെ നീക്കം.