കോന്നി: പൂർണമായും തകർന്ന് യാത്രാദുരിതമേറിയ ആനകുത്തി- കുമ്മണ്ണൂർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ സമര പ്രഖ്യാപന കാൽനട യാത്ര സംഘടിപ്പിച്ചു. അരുവാപ്പുലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനകുത്തി, മുളന്തറ, കുമ്മണ്ണൂർ ബ്രാഞ്ചുകൾ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ആനകുത്തി ജംഗ്ഷനിൽ ജില്ലാ ജനറൽ സെക്രട്ടറി ഷെയ്ഖ് നജീർ കാൽനട യാത്ര ഉദ്ഘാടനം ചെയ്തു. കോന്നി മണ്ഡലം നിസാം കോന്നി ജാഥ ക്യാപ്റ്റൻ സുധീറിന് പതാക കൈമാറി. ആനകുത്തി, മാവനാൽ, മുളന്തറ, പ്രദേശങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കുമ്മണ്ണൂർ ജംഗ്ഷനിൽ ജാഥ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി ഷാജി പഴകുളം ഉദ്ഘാടനം ചെയ്തു. പൂർണമായും റബറൈസിഡ് ടാറിങ് നടത്തി റോഡിന്റെ തകർച്ച പരിഹരിക്കും വരെ ശക്തമായ പ്രതിഷേധങ്ങൾ തുടരുമെന്ന് അദ്ദേഹം അറിയിച്ചു.
ഏകദേശം രണ്ടായിരത്തിലധികം കുടുംബങ്ങൾ പ്രത്യക്ഷമായും പരാക്ഷമായും ആശ്രയിക്കുന്ന റോഡാണിത്. ഈറോഡ് സമ്പൂർണ്ണ ടാറിങ് നടത്തിയിട്ട് രണ്ടു പതിറ്റാണ്ട് പിന്നിട്ടു. റോഡിന് ഫണ്ട് അനുവദിക്കുന്നതിൽ എംഎൽഎയും എംപിയും പരസ്പരം പഴിചാരി പൂർണമായും ഈ പ്രദേശത്തെ അവഗണിക്കുന്ന സമീപനമാണ് തുടരുന്നത്. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജാഥ ക്യാപ്റ്റൻ സുധീർ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ഷാജി കോന്നി, മണ്ഡലം സെക്രട്ടറി മുഹമ്മദ് ഷാ, വൈസ് ക്യാപ്റ്റൻ അബ്ദുൽ അഹദ്, മാനേജർ ഷമീർ ഇബ്രാഹിം, മണ്ഡലം കമ്മിറ്റിയംഗം അംജിദ എന്നിവർ സ്വീകരണ യോഗങ്ങളിൽ സംസാരിച്ചു.