പത്തനംതിട്ട : കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിലും മറ്റ് മത സ്ഥാപനങ്ങളിലും മാര്‍ച്ച് 15 മുതല്‍ മാര്‍ച്ച് 31 വരെ പൊതുയോഗങ്ങളും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും നടത്തുന്നത് 2005ലെ ദുരന്തനിവാരണ നിയമം വകുപ്പ് 34(എം) പ്രകാരം നിര്‍ത്തിവയ്ക്കുന്നതിന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി. ഉത്തരവ് നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിന് തിരുവല്ല സബ് കളക്ടര്‍, അടൂര്‍ ആര്‍ഡിഒ എന്നിവരെ ചുമതലപ്പെടുത്തി.
മലങ്കര ഓര്‍ത്തഡോക്സ് സഭ തുമ്പമണ്‍ ഭദ്രാസനത്തിലെ ഇടവകകളില്‍ നാളെ തെരഞ്ഞെടുപ്പു പൊതുയോഗം കൂടുവാന്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശത്തെ അവഗണിച്ചുകൊണ്ട് അമ്പതോളം ഇടവകകളില്‍ നാളെ പൊതുയോഗം നടത്താന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരുന്നു. നൂറുകണക്കിന് അംഗങ്ങള്‍ ഉള്ളതാണ് മിക്ക ഇടവകകളും. കൊറോണബാധയുടെ പശ്ചാത്തലത്തില്‍ പൊതുയോഗം മാറ്റിവെക്കണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സഭ തയ്യാറായിരുന്നില്ല. ഇക്കാര്യം അറിഞ്ഞ കളക്ടര്‍ ഇന്ന് രാവിലെ സഭാ അധികൃതരെ സര്‍ക്കാര്‍ തീരുമാനം അറിയിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് പൊതുയോഗം മാറ്റിവെച്ചതായി തുമ്പമണ്‍ ഭദ്രാസനാധിപന്റെ പേരില്‍ ഇന്ന് രാവിലെ തന്നെ ഇടവക വികാരിമാര്‍ക്ക് മെസ്സേജുകള്‍ എത്തിയിരുന്നു.