തിരുവനന്തപുരം : കോളേജ് വിദ്യാഭ്യാസ ഡയറക്ട്രേറ്റിന്‍റെ ലീഡ് പദ്ധതി പ്രകാരം ലണ്ടനിലെ കാർഡിഫ് സര്‍വകലാശാലയിൽ പരിശീലനത്തിന് പോയി മടങ്ങിയെത്തിയ കോളേജ് യൂണിയൻ ചെയര്‍മാൻമാരും അധ്യാപകരും കൊവിഡ് നിരീക്ഷണത്തിൽ. 27 കോളേജ് യൂണിയൻ ചെയര്‍മാൻമാരും രണ്ട് അധ്യാപകരും ആണ് നിരീക്ഷണത്തിലുള്ളത്. കൊവിഡ് 19 ന്‍റെ മുൻകരുതലിന്‍റെ ഭാഗമായി വീടുകളിൽ ഐസൊലേഷനിൽ കഴിയുകയാണ് ഇവരെല്ലാം. അതിനിടെ ഈ മാസം 23 പോകേണ്ട രണ്ടാം സംഘത്തിന്‍റെ യാത്രയും അനിശ്ചിതത്വത്തിലായി.
32 ചെയര്‍മാൻമാരും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറടക്കം രണ്ട് പേരും അടങ്ങിയ രണ്ടാം സംഘത്തിന്‍റെ യാത്ര ഇതുവരെ റദ്ദാക്കിയിട്ടില്ല. പ്രത്യേക അനുമതി വാങ്ങി ലണ്ടൻ യാത്രക്ക് ഒരുക്കങ്ങൾ നടക്കുന്നതായും സൂചനയുണ്ട്. കൊവിഡ് 19 ഭീതി നിലനിൽക്കുന്ന രാജ്യങ്ങളിലേക്ക് യാത്ര വിലക്കുന്നതാണ് നല്ലതെന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടേറ്റ് നിലപാടെടുത്തിട്ടുണ്ടെന്നാണ് അറിവ്. എന്നിരുന്നാലും സര്‍ക്കാര്‍ പ്രത്യേക അനുമതി നൽകുമോ എന്നതിന് കാക്കുയാണ് രണ്ടാം സംഘമെന്നാണ് വിവരം. സാമ്പത്തിക പ്രതിസന്ധി കാലത്ത് സര്‍ക്കാര്‍ ഖജനാവിൽ നിന്ന് പണം മുടക്കി കോളേജ് യൂണിയൻ ചെയര്‍മാൻമാരെ വിദേശയാത്രക്ക് അയക്കുന്നതിനെതിരെ നേരത്തെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.