കോഴഞ്ചേരി : പള്ളിയോടങ്ങള്‍ക്കും ഭീഷണിയായി മാരാമണ്ണിലെ തിട്ടയിടിച്ചില്‍. പാലത്തിനു സമീപം കണ്‍വന്‍ഷന്‍ നഗറിലേക്കുള്ള റോഡിന്റെ ഭിത്തി ആണ് ഇടിഞ്ഞ് നദിയിലേക്ക് വീണിട്ടുള്ളത്. പമ്പാനദി കരകവിഞ്ഞൊഴുകിയാണ് പാര്‍ശ്വ ഭിത്തിക്ക് കേടുപാടുകള്‍ സംഭവിച്ചത്. കരിങ്കല്‍ കഷണങ്ങള്‍ നദിയിലേക്കു വീണു കിടക്കുന്നുണ്ട്. നദിയിലെ ജലനിരപ്പ് ഉയര്‍ന്നാല്‍ കൂടുതല്‍ ഭാഗങ്ങളിലേക്കും തകര്‍ച്ച ഉണ്ടാകാം. മാരാമണ്‍ കണ്‍വന്‍ഷന്‍ സെന്ററിലേക്കുള്ള റോഡിന്റെ തുടക്കഭാഗത്തേക്കും തകര്‍ച്ച വ്യാപിച്ചിട്ടുണ്ട്. പമ്പാനദിയുടെ കിഴക്കേ തീരത്ത് മാരാമണ്‍ കണ്‍വന്‍ഷന്‍ സെന്ററിലേക്കുള്ള നടപ്പാതയുടെ പുനരുദ്ധാരണവും സൗന്ദര്യവല്‍ക്കരണവും നടത്തിയിരുന്നു.
50 ലക്ഷം രൂപ വിനിയോഗിച്ചാണു നിര്‍മാണം നടത്തിയിരുന്നത്. എന്നാല്‍ ഇതും ഇപ്പോള്‍ കാട് കയറിയ നിലയിലാണ്. ഇതിന് പുറമെ നദീതീരം സംരക്ഷിച്ചില്ലെങ്കില്‍ ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മിച്ച റോഡു തന്നെ ഇല്ലാതാകും. സൗന്ദര്യവല്‍ക്കരണത്തിനായി സ്‌ഥാപിച്ച ചെടിച്ചട്ടികളിലും സമീപത്തും കാട് കയറി. വിശ്രമത്തിനായി ഒരുക്കിയിട്ടുള്ള ഇരിപ്പിടങ്ങളിലും കാട് വ്യാപിച്ചു. വൈകാതെ ഇരിപ്പിടങ്ങള്‍ കാടിനുള്ളില്‍ മറയും. പമ്പാ നദിയുടെ പല ഭാഗങ്ങളിലും ഇത്തരത്തില്‍ തിട്ടയിടിച്ചില്‍ ഉണ്ടാകുന്നുണ്ട്. തീര സംരക്ഷണം നടപ്പിലാക്കിയില്ലെങ്കില്‍ ഇത് കൂടുതല്‍ സ്‌ഥലത്തേക്ക് വ്യാപിക്കും.