കരയിലും കടലിലും ഒരുപോലെ ആവേശം തീർക്കുന്ന ദിവസങ്ങളാണ് ഇനി കോഴിക്കോടിനെ കാത്തിരിക്കുന്നത്. സാഹസിക പ്രേമികളും സഞ്ചാരികളും ആവേശത്തോടെ കാത്തിരിക്കുന്ന ബേപ്പൂർ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് 2023 ന് തിരശ്ശീല ഉയരാൻ ഇനി അധികം ദിവസങ്ങളില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സാഹസിക ജല കായിക മത്സരങ്ങളിലൊന്നായ ബേപ്പൂര് വാട്ടർ ഫെസ്റ്റിന് ഡിസംബർ 26 ചൊവ്വാഴ്ച തുടക്കമാകും. ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ കോഴിക്കോടിന്റെ സ്ഥാനം ഒന്നുകൂടെ ഉറപ്പിച്ച ഫെസ്റ്റിവൽ ഇത്തവണ രാജ്യാന്തര വിനോദസഞ്ചരികളെ കൂടി ഇവിടേക്ക് ആകർഷിക്കുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. 2021 ആരംഭിച്ച ഫെസ്റ്റിന്റെ മൂന്നാം പതിപ്പിനാണ് ഈ വർഷം കോഴിക്കോട് സാക്ഷ്യം വഹിക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പിനൊപ്പം ജില്ല ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായാണ് ബേപ്പൂർ വാട്ടർ ഫെസ്റ്റ്ഫെസ്റ്റ് 2023 സംഘടിപ്പിക്കുന്നത്. 26 ന് ആരംഭിച്ച് നാല് ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവൽ ആരംഭിക്കുന്നത് ബേപ്പൂരിൽ ആണ്.
ബേപ്പൂർ മറീന, ചാലിയാറിന്റെ തീരം എന്നിവ കൂടാതെ ഫറൂഖ് നല്ലൂർ, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലും ജലോത്സവത്തിന്റെ ഭാഗമായുള്ള പരിപാടികൾ നടക്കും. 29 വെള്ളിയാഴ്ച സമാപിക്കുന്ന ആഘോഷത്തിൽ വ്യത്യസ്തങ്ങളായ മത്സരങ്ങളും ഉണ്ടായിരിക്കും. ഫെസ്റ്റിനോട് അനുബന്ധിച്ച് ബേപ്പൂർ നിയോജകമണ്ഡലത്തിലെ ചാലിയം, നല്ലൂർ മിനി സ്റ്റേഡിയം എന്നിവിടങ്ങളിലും വിവിധ പരിപാടികൾ അരങ്ങേറും. ഉദ്ഘാടന ദിവസം സൈക്ലിംഗ്, സിറ്റ് ഓൺ ടോപ്പ് കയാക്ക് സിംഗിൾ, ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റ്, സിറ്റ് ഓൺ ടോപ്പ് കയാക്ക് ഡബിൾ, പാരാമോട്ടറിങ്, ഫ്ലൈബോർഡ് ഡെമോ, റോവിങ് ഡെമോ, സർഫിങ് ഡെമോ, സീ റാഫ്റ്റിംഗ് ഡെമോ, വിന്റ് സർഫിംഗ് ഡെമോ എന്നിവയാണ് നടക്കുക. 27ന് സ്റ്റാൻഡ് അപ്പ് പാഡിൽ റേസ്, സർഫ് സ്കി ഡെമോ, ഡിങ്കി ബോട്ട് റേസ്, ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റ്, വലയെറിയൽ, ഫ്ലൈ ബോർഡ് ഡെമോ, ട്രഷറർ ഹണ്ട്, പാരാമോട്ടറിങ്, സർഫിംഗ് ഡെമോ തുടങ്ങിയവും നടക്കും. 28-ന് ബാംബൂ റാഫ്റ്റിംഗ് റേസ്, സെയിലിംഗ് റഗാട്ട, കൺട്രി ബോട്ട് റേസ്, കൈറ്റ് ഫെസ്റ്റ്, ഫ്ലൈ ബോർഡ് ഡെമോ, ബോഡി ബോർഡ് ഡെമോ, പാരാ മോട്ടറിങ്, സർഫിങ് ഡെമോ, സീ കയാക്ക് റേസ് എന്നിവയും ഉണ്ടായിരിക്കും.
സമാപന ദിവസമായ 29ന് ഫൈബർ കാനോയ് റേസ്, സെയിലിംഗ് റഗാട്ട, ആംഗ്ലിംഗ്, ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റ്, പാരാമോട്ടോറിങ്, സർഫിങ് ഡെമോ, വിംഗ് ഫോയിലിംഗ്, ചുരുളൻ വള്ളം റേസ്, കയാക്ക് സെയിൽ ഡെമോ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ എല്ലാ ദിവസങ്ങളിലും ഉച്ചകഴിഞ്ഞ് 2.00 മുതൽ രാത്രി 10.00 വരെ ടൂറിസം കാർണിവൽ, ഫുഡ് ഫെസ്റ്റിവൽ, ഫുഡ് ആൻഡ് ഫ്ലീ മാർക്കറ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് ബീച്ചിൽ ഉൾപ്പടെ പരിപാടികൾ സംഘടിപ്പിക്കും. ആഭ്യന്തര അന്താരാഷ്ട്ര സഞ്ചാരികളെ പ്രതീക്ഷിക്കുന്ന ഫെസ്റ്റിവലിൽ പാർക്കിംഗ്, ജങ്കാർ സർവീസ് തുടങ്ങിയ കാര്യങ്ങൾ വിവിധ വകുപ്പുകളുമായി ചേർന്ന് എകോപിപ്പിക്കാനും ധാരണയായിട്ടുണ്ട്.