കൊച്ചി: വായ്പാ കുടിശ്ശികയുടെ പേരിൽ, ജപ്തി ചെയ്ത വീടിന്റെ ബാധ്യത തീർക്കാൻ പറവൂർ വടക്കേക്കര സ്വദേശി സന്ധ്യ ഇന്ന് മണപ്പുറം ഫിനാൻസിൽ പണമടയ്ക്കും. കുടിശ്ശിക തീർക്കാനുള്ള ചെക്ക് ഇന്നലെ രാത്രി ലുലു ഗ്രൂപ്പ് മീഡിയ കോർഡിനേറ്റർ സ്വരാജ് നേരിട്ടെത്തി സന്ധ്യക്ക് കൈമാറിയിരുന്നു. ഫിക്സഡ് ഡെപ്പോസിറ്റായി 10 ലക്ഷം രൂപയും സന്ധ്യക്ക് ലുലു ഗ്രൂപ്പ് കൈമാറിയിട്ടുണ്ട്. സന്ധ്യയുടെ അക്കൗണ്ടിലേക്ക് വലുതും ചെറുതുമായ തുകകൾ സുമനസ്സുകൾ നൽകുന്നുണ്ട്. മാധ്യമ വാർത്തയെ തുടർന്ന് പ്രതിപക്ഷ നേതാവ് ഇടപെട്ടതിന് പിന്നാലെ മണപ്പുറം ഗ്രൂപ്പ് ഇന്നലെ സന്ധ്യക്ക് വീടിന്റെ താക്കോൽ തിരികെ നൽകിയിരുന്നു. രാത്രിയോടെ സന്ധ്യയും മക്കളും വീട്ടിലേക്ക് തിരികെ പ്രവേശിച്ചു.
ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തതോടെയാണ് കൊച്ചിയില്‍ അമ്മയും മക്കളും ദുരിതത്തിലായത്. നോർത്ത് പറവൂർ വടക്കേക്കര കണ്ണെഴത് വീട്ടിൽ സന്ധ്യയ്ക്കും രണ്ട് മക്കൾക്കുമാണ് ദുരവസ്ഥ ഉണ്ടായത്. ജപ്തി ചെയ്ത വീടിന് മുന്നിൽ എന്ത് ചെയ്യണം എന്നറിയാതെ കഴിയുകയായിരുന്നു മൂന്നംഗ കുടുംബം. 2019 ലാണ് കുടുംബം സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 4 ലക്ഷം രൂപ വായ്പ എടുത്തത്. ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച വീടിന്‍റെ നിർമ്മാണം പൂർത്തിയാക്കാനാണ്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പ എടുത്തത്. 2 വർഷം മുൻപ് ഭർത്താവ് ഉപേക്ഷിച്ചതോടെ തിരിച്ചടവ് മുടങ്ങി. ഇവർ വീട്ടിൽ ഇല്ലാത്തിരുന്നപ്പോഴാണ് ജപ്തി നടന്നത്. വീട്ടിനകത്തെ സാധനങ്ങൾ പോലും ഇവർക്ക് എടുക്കാൻ കഴിഞ്ഞില്ല. മാധ്യമ വാര്‍ത്ത വന്നതോടെ പറവൂർ എംഎൽഎ കൂടിയായ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടു. സങ്കീര്‍ണമായ മണിക്കൂറുകള്‍ക്കൊടുവില്‍ ഇന്നലെ രാത്രിയോടെ സന്ധ്യയും മക്കളും വീട്ടിലേക്ക് തിരികെ പ്രവേശിച്ചു. ഇന്ന് ബാങ്കിൽ പണമടച്ച് സന്ധ്യ നടപടിക്രമങ്ങൾ പൂർത്തിയാക്കും.