കണ്ണൂര്‍ : ജയില്‍ അധികൃതരെയും പൊലീസിനെയും വെട്ടിച്ചു കടന്നുകളയുന്ന തടവുകാരെ പൂട്ടാന്‍ പ്രത്യേക പദ്ധതിയുമായി കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയില്‍ അധികൃതര്‍. തടവുകാരെ ജയിലിലും പുറത്തും നിരീക്ഷിക്കുന്നതിന് ഡിജിറ്റല്‍ ലോക്ക് വാച്ച് പദ്ധതിയുമായാണ് ഇവര്‍ രംഗത്തുവന്നിരിക്കുന്നത്. ജയില്‍വകുപ്പിന്റെ അനുമതിയോടെ ട്രയല്‍ റണ്ണിംഗ് നടപ്പാക്കാനുള്ള ആലോചനയിലാണ് ജയില്‍ അധികൃതര്‍. ജയില്‍ ചാടിയാല്‍ തടവുകാരന്റെ കൈയില്‍ ധരിപ്പിച്ച വാച്ച് അറിയിക്കും. പദ്ധതി പ്രാവര്‍ത്തികമായാല്‍ ഇന്ത്യയിലെ ആദ്യ സംരംഭമായിരിക്കും ഇത്. മാതൃകാ പദ്ധതി ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ജയില്‍ ഡി.ഐ.ജി എം.കെ വിനോദ്കുമാര്‍ പറഞ്ഞു.
എസ്‌കോട്ട് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് തടവുകാര്‍ രക്ഷപ്പെടുന്നതിന് പരിഹാരമായാണ് വാച്ച് പരീക്ഷിക്കുന്നത്. തടവുകാര്‍ പുറത്ത് പോകുമ്പോള്‍ കൈവിലങ്ങിന് പകരം വാച്ച് ധരിപ്പിക്കും. പരിധിക്ക് വെളിയില്‍ പോയാല്‍ ട്രാക്കര്‍ സിഗ്നല്‍ നല്‍കും. തടവുകാരന്റെ ജി.പി.എസ് വിവരങ്ങള്‍ ട്രാക്കര്‍ നിരീക്ഷണത്തില്‍ ലഭിക്കും. ചലനം നിരീക്ഷിക്കുന്നത് ലൊക്കേഷനിലൂടെയാണ്.
കേരള പ്രിസണ്‍ ട്രാക്കിങ് സിസ്റ്റം എന്നാണ് പദ്ധതിയുടെ പേര്. ലോറ എന്ന വൈഡ് ഏരിയ നെറ്റ് വര്‍ക്ക് സങ്കേതമാണ് ഉപയോഗിക്കുന്നത്. 2.47 ലക്ഷം രൂപയാണ് ട്രയല്‍ റണ്ണിംഗിന്റെ അടങ്കല്‍ തുക. പദ്ധതി ആഭ്യന്തരവകുപ്പിന്റെയും ജയില്‍ വകുപ്പിന്റെയും അനുമതി ലഭിച്ചാല്‍ ഉടന്‍ നടപ്പിലാക്കാനാണ് തീരുമാനം. കണ്ണൂരില്‍ റിമാന്‍ഡ് തടവുകാര്‍ കോടതിയില്‍ ഹാജരാക്കുമ്പോഴും ജയിലിനുള്ളില്‍ നിന്നും തടവുചാടി പോകുന്നത് പൂര്‍ണമായും ഒഴിവാക്കാനുമാണ് ആധുനിക സാങ്കേതിക വിദ്യയോടെ പദ്ധതി നടപ്പിലാക്കുന്നത്.