ന്യൂഡൽഹി : 2020-21 അധ്യയന വര്‍ഷം മുതല്‍ കേന്ദ്ര സര്‍വകലാശാലകളിലെ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഒറ്റ പ്രവേശന പരീക്ഷ നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഉയര്‍ന്ന നിലവാരത്തിലുള്ള അഭിരുചി പരീക്ഷ നടത്തുന്നതിനുള്ള നടപടിക്രമം തീരുമാനിക്കാന്‍ ഏഴംഗ വിദഗ്ദ്ധ സമിതിക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കി. ദേശിയ ടെസ്റ്റിങ് ഏജന്‍സിയാണ് കമ്പ്യുട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷ നടത്തുകയെന്ന് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖരെ അറിയിച്ചു.
ഒരു മാസത്തിനുള്ളില്‍ വിദഗ്ദ്ധ സമിതി പരീക്ഷ നടത്തിപ്പിന്‍റെ നടപടിക്രമങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന് യുജിസി ചെയര്‍പേഴ്‌സണ്‍ ഡി. പി സിങ് അറിയിച്ചു. പൊതു പരീക്ഷയ്ക്ക് ഒപ്പം വിഷയ കേന്ദ്രീകൃത പരീക്ഷയും ഉണ്ടാകും. ഓരോ വര്‍ഷവും രണ്ട് തവണ പ്രവേശന പരീക്ഷ നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ 2020 -21 വര്‍ഷത്തില്‍ ഒരു തവണ മാത്രമേ പരീക്ഷ ഉണ്ടാകുകയുള്ളൂ.
വിവിധ കേന്ദ്ര സര്‍വകലാശാലകളില്‍ ഉയര്‍ന്ന കട്ട് ഓഫ് മാര്‍ക്ക് കാരണം വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ ഉണ്ടാകുന്ന സങ്കീര്‍ണ്ണത ഒറ്റ പ്രവേശന പരീക്ഷയിലൂടെ ഇല്ലാതാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയുന്ന തരത്തിലാകും ഒറ്റ പ്രവേശന പരീക്ഷ എഴുതാനുള്ള മിനിമം മാര്‍ക്ക് നിശ്ചയിക്കുകയെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.