ആലപ്പുഴ : തിരുവനന്തപുരത്തെപ്പോലെ കോവിഡ് സമൂഹ വ്യാപനത്തിന് തീരദേശം കൂടുതലുള്ള ആലപ്പുഴ ജില്ലയിലും സാധ്യത ഏറെയെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഇനി ഗ്രാമങ്ങളിലാണ് സമൂഹ വ്യാപന സാധ്യത കൂടുതലെന്നും അവര്‍ പറയുന്നു. മൂന്നു കാര്യങ്ങളാണ് വിദഗ്ധര്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. തീരദേശത്തു പ്രത്യേക ശ്രദ്ധ നല്‍കണം, ആലപ്പുഴ നഗരത്തിലും ഇതേ കരുതലുണ്ടാകണം, കോവിഡിനെപ്പറ്റിയുള്ള തെറ്റിദ്ധാരണ നീക്കണം.
തീരദേശത്തു പരിശോധനകള്‍ ഊര്‍ജിതമാക്കണം. കഴിഞ്ഞ ദിവസം ആലപ്പുഴ നഗരത്തില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ക്കു സമ്പര്‍ക്ക വ്യാപനത്തിലൂടെ രോഗം കണ്ടെത്തിയതു വലിയൊരു സൂചനയാണ്. തീരത്തു ജനസാന്ദ്രത കൂടുതലും ആരോഗ്യ പ്രവര്‍ത്തകരുടെ സാന്നിധ്യം കുറവും എന്നതായിരുന്നു തിരുവനന്തപുരത്തെ പ്രശ്‌നം. ഈ സാഹചര്യം ആലപ്പുഴയിലും ഉണ്ടാകാതെ നോക്കണമെന്നും വിദഗ്ധര്‍ നിര്‍ദ്ദേശിച്ചു. ചന്തകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.