കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന നിക്ഷേപ തട്ടിപ്പിനെക്കുറിച്ച് പത്തനംതിട്ട മീഡിയാ ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം തയ്യാറാക്കുന്ന പരമ്പരയുടെ മൂന്നാം ഭാഗം. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെക്കുറിച്ചും അവരുടെ നിക്ഷേപ പദ്ധതികളെക്കുറിച്ചും അതില്‍ നിക്ഷേപകര്‍ക്ക് ദോഷമായി ഒളിഞ്ഞിരിക്കുന്ന വിവരങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരമ്പര പ്രസിദ്ധീകരിക്കുന്നത്. നിക്ഷേപകരെ കബളിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ചില സ്ഥാപനങ്ങള്‍ മുമ്പോട്ടുപോകുമ്പോള്‍ ഈ പരമ്പരയിലൂടെ വെളിപ്പെടുത്തുന്ന വിവരങ്ങള്‍ നിക്ഷേപകര്‍ക്ക് പ്രയോജനകരമാകും എന്ന് കരുതുന്നു, കൂടുതല്‍പേരിലേക്ക് ഈ വാര്‍ത്ത ഷെയര്‍ ചെയ്ത് എത്തിക്കുമല്ലോ – എഡിറ്റോറിയല്‍ ബോര്‍ഡ്.
പരമ്പരാഗതമായി ധനകാര്യ മേഖലയിലേക്ക് കടന്നുവന്നവര്‍ വളരെ ചുരുക്കം പേര്‍ മാത്രമേയുള്ളൂ. സ്വര്‍ണ്ണപ്പണയ സ്ഥാപനങ്ങളും ചിട്ടി സ്ഥാപനങ്ങളും പിന്തുടര്‍ച്ചയായി ഏറ്റെടുത്തു നടത്തുന്ന ഇവര്‍ പലകാര്യങ്ങളിലും മിതത്വം പാലിച്ചിരുന്നു. എന്നാല്‍ സ്വകാര്യ ധനകാര്യ മേഖല ഇപ്പോള്‍ കയ്യടക്കിയിരിക്കുന്നവരില്‍ വലിയൊരു വിഭാഗം വേണ്ടത്ര വിദ്യാഭ്യാസമോ അറിവോ നിക്ഷേപകരോട് വിധേയത്വം ഉള്ളവരോ അല്ല. എങ്ങനെയെങ്കിലും പണം സമ്പാദിക്കണം എന്ന ഒറ്റ ലക്ഷ്യവുമായാണ് ഇവര്‍ ഈ രംഗത്തേക്ക് കടന്നു വന്നത്. കോടികള്‍ ചെലവഴിച്ച് പരസ്യത്തിലൂടെ ഇവര്‍ മുന്നേറുകയാണ്. നിക്ഷേപകരെ ആകര്‍ഷിക്കുവാനുള്ള പല പദ്ധതികളും ഇവര്‍ മാറിമാറി പരിചയപ്പെടുത്തും. ജനങ്ങളുടെ കയ്യിലുള്ള അവസാന തുട്ടും തന്റെ പെട്ടിയിലാക്കുകയാണ് ഇവരുടെ ലക്‌ഷ്യം.
മിക്കവരും രംഗപ്രവേശം ചെയ്യുന്നത് വലിയ കമ്പിനി എന്ന നിലയിലാണ്. തുടക്കത്തില്‍ തന്നെ കാണുന്നിടത്തൊക്കെ ബ്രാഞ്ചുകള്‍ തുറക്കും. എന്നാല്‍ ഈ ബ്രാഞ്ചുകള്‍ ഒന്നും നിയമപരമായി അനുവാദം കിട്ടിയിട്ട് തുടങ്ങുന്നതല്ല. ബ്രാഞ്ചുകളില്‍ മാനേജര്‍ ഉള്‍പ്പെടെ കുറഞ്ഞത് മൂന്നു ജീവനക്കാര്‍ ഉണ്ടാകും. സ്ഥിരനിക്ഷേപം വാങ്ങിയിട്ടാണ് ഇവര്‍ക്ക് ജോലി നല്‍കുന്നത്. അതായത് ഓരോ ബ്രാഞ്ചും തുടങ്ങുന്നത് ജീവനക്കാരുടെ പണം കൊണ്ടാണ്. കമ്പിനിയുടെ ബിസിനസ്സിന് എല്ലാ മാസവും നിശ്ചിത ടാര്‍ജെറ്റും ഇവര്‍ക്ക് നല്‍കും. ഇവരിലൂടെയാണ് ഓരോ പ്രദേശത്തെയും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്. മാനേജരായി നിയമിക്കപ്പെടുന്ന ആള്‍ ആ നാട്ടിലെ ഏതെങ്കിലും പ്രമുഖന്‍ ആയിരിക്കും. കൂടുതലും ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും വിരമിച്ചവരോ അധ്യാപകരോ ഒക്കെ ആയിരിക്കും ഇവര്‍. നിക്ഷേപങ്ങള്‍ ക്യാന്‍വാസ് ചെയ്യുന്ന ജീവനക്കാര്‍ക്ക് അഞ്ചു ശതമാനം വരെ കമ്മീഷന്‍ നല്‍കാറുണ്ട്.
സ്വര്‍ണ്ണപ്പണയമാണ് പ്രധാന ബിസിനസ് എന്ന് തോന്നത്തക്ക രീതിയിലായിരിക്കും ഇവരുടെ ഓഫീസും ബോര്‍ഡുകളും. എന്നാല്‍ പണയമിടപാടുകള്‍ നാമമാത്രമായിരിക്കും. ഏറിവന്നാല്‍ ഒരാളായിരിക്കും ദിവസം ഇവിടെ കയറുക. ഇങ്ങനെ നാമമാത്രമായി നടക്കുന്ന ഒരു ബിസിനസ്സില്‍ നിന്നും ലാഭമുണ്ടാക്കി ഓഫീസ് വാടകയും ജീവനക്കാരുടെ ശമ്പളവും നല്‍കുവാന്‍ കഴിയില്ലെന്നത് പകല്‍പോലെ വ്യക്തമാണ്. അപ്പോള്‍ പിന്നെ നൂറുകണക്കിന് ബ്രാഞ്ചുകള്‍ എങ്ങനെ മുമ്പോട്ട് കൊണ്ടുപോകുന്നു എന്നത് സംശയകരമാണ്. അതായത് സ്വര്‍ണ്ണപ്പണയം കാണിച്ച് ജനങ്ങളെ ആകര്‍ഷിക്കുകയും അതിലൂടെ നാട്ടില്‍ പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുകയുമാണ് ആദ്യപടി. ഈ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് ജനങ്ങളുടെ കയ്യിലുള്ള പണം വിവിധ നിക്ഷേപ പദ്ധതികളിലൂടെ കമ്പിനി മുതലാളിയുടെ അക്കൌണ്ടില്‍ എത്തുന്നത്.
പല സ്ഥാപനങ്ങളുടെയും പ്രാധാന ഓഫീസുകള്‍ കേരളത്തിനു പുറത്താണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. ചെന്നെയും കല്‍ക്കട്ടയും മഹാരാഷ്ട്രയുമൊക്കെയാണ് ഇവരുടെ ഇഷ്ട സ്ഥലങ്ങള്‍. ആറു വര്‍ഷംകൊണ്ട് നിക്ഷേപം ഇരട്ടിയാകുമെന്നൊക്കെ ഇവര്‍ വാഗ്ദാനം നല്‍കിയാണ് ജനത്തിന്റെ കയ്യിലെ വിയര്‍പ്പിന്റെ മണമുള്ള പണം കൈയ്ക്കലാക്കുന്നത്. എന്നാല്‍ കാലാവധിയാകുമ്പോള്‍ ഓരോരോ കാരണങ്ങള്‍ ഇവര്‍ നിരത്തും. തര്‍ക്കത്തിനോ പരാതിക്കോ ആരും നില്‍ക്കാതെ കിട്ടുന്നത് വാങ്ങിക്കൊണ്ടു പോകും. കാരണം പണം നിക്ഷേപിക്കുമ്പോള്‍ ഒപ്പിട്ടുകൊടുത്ത കടലാസുകളില്‍ ഇപ്പോള്‍ ഇവര്‍ പറയുന്ന ഈ കാരണങ്ങള്‍ ഉണ്ടാകും. ഇതൊന്നും നോക്കാതെ ഒപ്പിട്ടുകൊടുത്ത നിക്ഷേപകന്‍ ഇവിടെ നിശബ്ദനാക്കപ്പെടുകയാണ്. കേസ് നടത്തണമെങ്കില്‍ കമ്പിനിയുടെ ഓഫീസുള്ള അന്യനാട്ടില്‍ പോകണം. പരാതി പറയണമെങ്കിലും ഇതേ നിര്‍വ്വാഹമുള്ളു. നിക്ഷേപകരില്‍ കൂടുതലും സീനിയര്‍ സിറ്റിസണ്‍സ് ആയിരിക്കും. അതുകൊണ്ടുതന്നെ എല്ലാം ഇവിടംകൊണ്ട് അവസാനിക്കും. കമ്പിനി മുതലാളിയും ഇതാണ് കണക്കുകൂട്ടുന്നത്. >>> തുടരും ….
ചിട്ടി വട്ടമെത്തിയാലും കൊടുക്കാതെ തട്ടിപ്പ് നടത്തുന്ന കുറിക്കമ്പിനികള്‍, റിയല്‍ എസ്റ്റേറ്റ് രംഗത്തെ തട്ടിപ്പുകള്‍, ഫ്ലാറ്റ് തട്ടിപ്പ്, മണി ചെയിന്‍, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്, തൊഴില്‍ തട്ടിപ്പ്, ജ്വല്ലറികളുടെ സ്വര്‍ണ്ണാഭരണ തട്ടിപ്പുകള്‍, ഇന്‍ഷുറന്‍സ് തട്ടിപ്പ്, മൈക്രോ ഫിനാന്‍സ് തട്ടിപ്പ്, സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍. ഇന്‍സ്റ്റന്റ് ലോണ്‍ തട്ടിപ്പ് …. തുടങ്ങിയ നിരവധി തട്ടിപ്പുകളാണ് ഓരോ ദിവസവും കേരളത്തില്‍ അരങ്ങേറുന്നത്. ഇതിനെതിരെ പ്രതികരിക്കേണ്ടത് ജനങ്ങളാണ്, ബോധവാന്മാരാകേണ്ടത് വിദ്യാസമ്പന്നരായ കേരള ജനതയാണ്. തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമായ തെളിവ് സഹിതം ഞങ്ങള്‍ക്ക് നല്‍കുക. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]. വാര്‍ത്തകളുടെ ലിങ്കുകള്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍ തത്സമയം ലഭ്യമാണ്. വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേരുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.https://chat.whatsapp.com/Jun6KNArIbN2yHskZaMdhs