തൃശൂർ : പരാതിപ്പെട്ടയാളെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തി കേരള പോലീസിന്റെ ‘മാതൃക’. തൃശൂർ റൂറൽ പരിധിയിലെ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിലെ റൗഡി പട്ടികയിൽ ഒന്നാമനാണ് അജിത് കൊടകര. സ്റ്റേഷൻ പരിധിയിൽ ഒരു പെറ്റി കേസ് പോലുമില്ലെന്ന് പോലീസ് വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയിരിക്കെയാണ് റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.
വെള്ളിക്കുളങ്ങര സ്റ്റേഷൻ പരിധിയിലെ കാട്ടിക്കുളം സ്വദേശിയാണ് ഇദ്ദേഹം. സ്റ്റേഷനിൽ കഴിഞ്ഞ രണ്ട് വർഷ കാലയളവിലെ റൗഡി ലിസ്റ്റിലാണ് വിവരാവകാശ പൊതുപ്രവർത്തകൻ കൂടിയായ അജിത് കൊടകരയുടെ പേരുള്ളത്. എന്നാൽ, അജിത്തിനെതിരെ ഒരൊറ്റ കേസ് പോലുമില്ലെന്ന് ഇവിടത്തെ രേഖകൾ വ്യക്തമാക്കുന്നു. പോലീസ് ചാർത്തിക്കൊടുത്ത റൗഡി ലിസ്റ്റിെൻറ അലങ്കാരത്തിൽ നാട്ടുകാർക്കും വീട്ടുകാർക്കുമിടയിൽ നടക്കാനാകാത്ത അവസ്ഥയിലാണ് അജിത്. വെള്ളിക്കുളങ്ങര സ്റ്റേഷനിലെ ചില പോലീസ് ഉദ്യോഗസ്ഥർക്കും ചാലക്കുടി ഡി.വൈ.എസ്.പിക്കുമെതിരെ അജിത് പരാതി നൽകിയിരുന്നു.
കേരളത്തിൽ ആദ്യമായി പോലീസുകാർക്കെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കേസെടുത്തത് അജിതിന്റെ പരാതിയിലായിരുന്നു. ഇതാണ് പോലീസുകാർക്കുള്ള വിരോധമെന്ന് അജിത് പറയുന്നു. മാനഭംഗക്കേസ് ഒതുക്കിയതിന് പ്രതിഫലമായി വൻ തുക കൈപ്പറ്റിയെന്ന അജിത്തിന്റെ പരാതിയിലാണ് നാല് പോലീസുകാർക്കെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കേസെടുത്തത്. അജിത്തിനെതിരെ വെള്ളിക്കുളങ്ങര സ്റ്റേഷനിൽ കേസുകൾ ഇല്ലെങ്കിലും തൊട്ടടുത്ത കൊടകര സ്റ്റേഷനിൽ ഇരുചക്രവാഹനത്തിൽ മദ്യം കൊണ്ടുപോയ കേസുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയതെന്നുമാണ് പോലീസിന്റെ വിശദീകരണം.
എന്നാൽ ചട്ടപ്രകാരം നാലോ അതിലധികമോ ക്രിമിനൽ കേസിൽ ഉൾപ്പെട്ടവരെയാണ് റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തുക. ഇവിടെ അതും ലംഘിക്കപ്പെട്ടു. പോലീസിന്റെ പ്രതികാര നടപടിയിൽ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് അജിത്. തന്റെ പേരിൽ പോലീസ് ചാർത്തിയ റൗഡി പട്ടം മാറ്റിക്കിട്ടാൻ മുഖ്യമന്ത്രിക്കും ഡി.ജിപിക്കും പരാതി നൽകി. നേരേത്ത ചേലക്കരയിൽ ആരോടും വഴക്കിന് പോകാത്ത അസുഖബാധിതനായ ആളെ പോലീസ് റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. മനുഷ്യാവകാശ കമീഷനും പോലീസ് കംപ്ലെയിൻറ് അതോറിറ്റിയും ഇടപെട്ടാണ് ഇത് തിരുത്തിയത്.