തിരുവനന്തപുരം : കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി കൊല്ലാന്‍ ശ്രമിച്ചതായി പരാതിക്കാരി കോടതിയില്‍. എല്‍ദോസ് കുന്നപ്പിള്ളിയും മറ്റ് സഹായികളും ചേര്‍ന്ന് കോവളത്ത് വെച്ച് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പരാതി നല്‍കിയ യുവതി. തിരുവനന്തപുരം കോടതിയില്‍ എല്‍ദോസിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പരാതിക്കാരി ഇക്കാര്യം അറിയിച്ചത്.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വൈകീട്ട് മൂന്നിന് വിധി പറയും. എല്‍ദോസിന്‍റെ ഫോണുകള്‍ പിടിച്ചെടുക്കാനുണ്ടെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ നിലവില്‍ ഒളിവിലുള്ള എല്‍ദോസിന് കീഴടങ്ങേണ്ടി വരും. ഹൈക്കോടതിയെ സമീപിക്കാം. ഇതുവരെയും എവിടെയെന്ന് കണ്ടെത്താനാകാത്ത പോലീസ് എല്‍ദോസിനായി തിരച്ചില്‍ തുടരുകയാണ്.
പാര്‍ട്ടിയില്‍ നിന്നടക്കം സമ്മര്‍ദ്ദം ഏറിയ സാഹചര്യത്തില്‍ എല്‍ദോസ് ഒളിവ് ജീവിതം തുടരമോ എന്നത് കണ്ടറിയണം. മുന്‍കൂര്‍ ജാമ്യത്തില്‍ വിധി പറയുന്നതിന് മുമ്പായി തന്‍റെ വാദം കേള്‍ക്കണമെന്ന് ഇന്നലെയാണ് യുവതി കോടതിയെ അറിയിച്ചത്. അത് അംഗീകരിച്ച കോടതി ഇന്ന് അവരുടെ വാദം കേള്‍ക്കുകയായിരുന്നു. ഈ വാദത്തിനിടെയാണ് തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ച കാര്യം യുവതി നേരിട്ടെത്തി അറിയിച്ചത്. ഇതിനിടെ അന്വേഷണ സംഘം കൊച്ചിയില്‍ എല്‍ദോസിന്‍റെ വീട്ടില്‍ പരാതിക്കാരിയെ എത്തിച്ച് പരിശോധന നടത്തിയേക്കും. ഈ വീട്ടില്‍ വെച്ചും എല്‍ദോസ് തന്നെ പീഡിപിച്ചുവെന്ന് പരാതിക്കാരി പറഞ്ഞിരുന്നു.