തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ വെബ്സൈറ്റുണ്ടാക്കിയ സംഭവത്തിൽ പരാതി നൽകാൻ വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകും. വെബ്സൈറ്റ് വഴി എസ്എസ്എൽസി- പ്ലസ് ടു വ്യാജ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നെന്ന് കണ്ടെത്തിയതോടെയാണ് നടപടിയെടുത്തത്. സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ നടത്തുന്ന കേരള ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ എന്ന പേരിലാണ് വ്യാജ വെബ്സൈറ്റ് പ്രവർത്തിക്കുന്നത്. ഗൂഗിളിൽ തിരഞ്ഞാൽ ആദ്യം എത്തുന്നതും ഈ സൈറ്റാണ്. ഉത്തർപ്രദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വെബ്സൈറ്റിൽ മുൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്റെ ചിത്രവും ചെയർമാൻ എന്ന പേരിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
സൈറ്റ് വഴി പരീക്ഷകൾ നടത്തുകയും ഒറിജിനലിനെ വെല്ലുന്ന വ്യാജ സർട്ടിഫിക്കറ്റുകൾ അച്ചടിച്ചു നൽകുകയും ചെയ്യുന്നെന്നും കണ്ടെത്തിയിരുന്നു. ഉത്തർപ്രദേശിലെ കേന്ദ്രത്തിൽ നിന്ന് നൽകിയ സർട്ടിഫിക്കറ്റ് ഉദ്യോഗാർഥി അവിടെ തന്നെ ജോലിക്ക് ഹാജരാക്കിയിരുന്നു. ഈ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി അയച്ചതോടെയാണ് സംഭവം പുറത്തുവരുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഇത്തരം പത്തോളം വ്യാജ സർട്ടിഫിക്കറ്റുകളാണ് പൊതു വിദ്യാഭ്യാസ വകുപ്പിന് മുന്നിൽ എത്തിയത്. ഇതോടെയാണ് വ്യാജനെ പിടിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഇറങ്ങിയത്. വെബ്സൈറ്റ് പൂട്ടിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന പോലീസ് മേധാവിക്ക് വീണ്ടും പരാതി നൽകും. നേരത്തെ ലഭിച്ച പരാതികൾ പ്രകാരം വെബ്സൈറ്റ് നിർത്തലാക്കാൻ ഡൊമൈൻ രജിസ്ട്രേഷൻ കമ്പനിയെ കേരളാ പോലീസ് സമീപിച്ചിട്ടുണ്ട്.