കോഴഞ്ചേരി : നദീ തീര സംരക്ഷണത്തിനായി പമ്പാ നദിയുടെ കരയിൽ വെച്ചു പിടിപ്പിച്ചിരുന്ന മുള അനധികൃതമായി വെട്ടി കടത്തുന്നതായി പരാതി. ചെറുകോൽ പഞ്ചായത്ത് പരിധിയിലുള്ള പമ്പാതീരത്തെ മുളകളാണ് വ്യാപകമായി വെട്ടിനശിപ്പിക്കുന്നത്. നദിയും നദീതീരവും പൊതു സ്വത്തായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ സമീപ വസ്തു ഉടമസ്ഥർക്ക് തുച്ഛമായ പണം നല്കിയാണ് കച്ചവടക്കാർ മുള വെട്ടി മാറ്റുന്നത്. ലോഡ് കണക്കിന് മുളകൾ ഇത്തരത്തിൽ മുറിച്ചു മാറ്റിയതായാണ് വിവരം. നദീതീര സംരക്ഷണത്തിന്റെ ഭാഗമായി ഒരു കാലത്ത് വിവിധ സർക്കാർ വകുപ്പുകളും കുടുംബശ്രീയും നദിക്കരയിൽ മുള വെച്ച് പിടിപ്പിക്കുന്ന പരിപാടികൾ തന്നെ സംഘടിപ്പിച്ചിരുന്നു.
നദീതീരത്തുള്ള മുളകൾ ഉൾപ്പടെയുള്ള മരങ്ങൾ മുറിക്കുന്നതിന് നടപടി ക്രമങ്ങൾ പൂർത്തീകരിക്കേണ്ടതായുണ്ട്. ഇത്തരത്തിൽ സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടം വരുത്തുന്ന നടപടിയാണ് ഇപ്പോൾ നടക്കുന്നത്. ഇത് സംബന്ധിച്ച് റവന്യു അധികൃതരെ ബന്ധപ്പെട്ടപ്പോൾ തങ്ങൾക്ക് വിവരം ലഭിച്ചിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. സർക്കാർ തലത്തിൽ കോടികൾ മുടക്കി പരിസ്ഥിതി പ്രവർത്തനം നടത്തുമ്പോൾ സ്വകാര്യ ലോബികൾക്ക് ലാഭമുണ്ടാക്കാൻ അനധികൃത പരിസ്ഥിതി നശീകരണത്തിനെതിരെ കണ്ണടയ്ക്കുന്നതിൽ പരിസ്ഥിതി പ്രേമികൾ പ്രതിഷേധത്തിനൊരുങ്ങുകയാണ് .